Thiruvananthapuram Corporation| തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ തൂങ്ങി മരിച്ച നിലയില്‍; ബിജെപി നേതൃത്വത്തിനെതിരെ ആത്മഹത്യാക്കുറിപ്പ്

Jaihind News Bureau
Saturday, September 20, 2025

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ തൂങ്ങിമരിച്ച നിലയില്‍. തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനില്‍കുമാറിനെ (55) ആണ് തിരുമല ജംഗ്ഷനിലുള്ള ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ബി.ജെ.പി നേതൃത്വത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അനില്‍കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. താന്‍ ഭാരവാഹിയായിരുന്ന വലിയശാല ഫാം ടൂര്‍ സൊസൈറ്റിയിലെ സാമ്പത്തിക പ്രശ്‌നങ്ങളില്‍ പാര്‍ട്ടി സഹായിച്ചില്ലെന്ന് കുറിപ്പില്‍ അനില്‍കുമാര്‍ ആരോപിക്കുന്നു. താനോ കുടുംബമോ ഒരു രൂപ പോലും കൈക്കലാക്കിയിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. നഗരസഭയിലെ ബി.ജെ.പി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പ്രധാന നേതാവായിരുന്നു അനില്‍കുമാര്‍.

സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരുന്നു.