DEEPIKA EDITORIAL| ‘തനിനിറം പുറത്തെടുക്കുന്നുണ്ട്’; ആര്‍എസ്എസ് മുഖവാരികയായ കേസരിയിലെ ക്രൈസ്തവ വിരുദ്ധ ലേഖനത്തിന് മറുപടിയുമായി ദീപിക മുഖപ്രസംഗം

Jaihind News Bureau
Monday, September 15, 2025

ആര്‍എസ്എസ് മുഖവാരികയായ കേസരിയിലെ ക്രൈസ്തവ വിരുദ്ധ ലേഖനത്തിന് മറുപടിയുമായി ദീപിക മുഖപ്രസംഗം. ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടണ്ട. മതപരിവര്‍ത്തന നിരോധന ബില്ലില്‍ ഭരണഘടന വിരുദ്ധതയാണ്. ഇത് ചോദ്യം ചെയ്യപ്പെടണമെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു. അതെ സമയം ലേഖനത്തിലുള്ളത് വ്യാജവിവരങ്ങളും നുണകളുമെന്നും വിമര്‍ശനമുണ്ട്.

ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ കേസരിയിലാണ് ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷപരമായ ലേഖനം പ്രസിദ്ധീകരിച്ചത.് സമൂഹത്തില്‍ വര്‍ഗീയ വിഭജനം സൃഷ്ടിക്കാനുള്ള ബി.ജെ.പി-ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണ് ലേഖനമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് ഇ.എസ്. ബിജു എഴുതിയ ലേഖനത്തില്‍, മിഷണറിമാര്‍ ‘ക്രൈസ്തവ രാജ്യം’ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്നും ഭാഷയിലും സംസ്‌കാരത്തിലും അധിനിവേശം നടത്തുന്നുവെന്നുമാണ് ലേഖനത്തില്‍ പരാമര്‍ശിച്ചത്. മിസോറാം, ഒഡിഷ, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സായുധ കലാപങ്ങള്‍ക്ക് പിന്നില്‍ മിഷണറിമാരാണെന്നും ഇവര്‍ തീവ്രവാദ പ്രസ്ഥാനങ്ങളെ വിലയ്‌ക്കെടുക്കുന്നുവെന്നും ലേഖനം ആരോപിച്ചിരുന്നു. മതപരിവര്‍ത്തനം തടയാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നും, രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സംരക്ഷണം ഉറപ്പാക്കാന്‍ മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണമെന്നും ലേഖനം ആവശ്യപ്പെട്ടിരുന്നു.