KPCC| കെപിസിസി നേതൃയോഗം ഇന്ന്; സര്‍ക്കാരിനെതിരെയുള്ള തുടര്‍ സമര പരിപാടികള്‍ ചര്‍ച്ച ചെയ്യും

Jaihind News Bureau
Monday, September 15, 2025

കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷൻമാരുടെയും യോഗം ഇന്ന് ചേരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും വോട്ടർ പട്ടിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചചെയ്യും. എസ് ഐ ആർ നെ എതിർക്കുവാൻ പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികൾക്കും യോഗം രൂപം നൽകും. ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും സർക്കാരിനെതിരെയുള്ള തുടർ സമര പരിപാടികൾക്കും യോഗത്തിൽ തീരുമാനമുണ്ടാകും. കെപിസിസി നടത്തിയ വിവിധ സമരപരിപാടികളുടെ അവലോകനവും ഇന്ന് നടക്കും.

അതേസമയം,പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബർ 10 വരെ 12 ദിവസങ്ങളിലായിട്ടാണ് സഭ ചേരുക. സമീപകാലത്ത് വേർപിരിഞ്ഞ നേതാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ന് സഭ പിരിയും. മുൻ മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദൻ, മുൻ സ്പീക്കർ പി.പി. തങ്കച്ചൻ, പീരുമേട് നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന വാഴൂർ സോമൻ തുടങ്ങിയവർക്ക് സഭ ഇന്ന് ആദരാഞ്ജലികൾ അർപ്പിക്കും. വരുംദിവസങ്ങളിൽ കസ്റ്റഡി മർദ്ദന പരമ്പരകൾ ഉൾപ്പെടെ വിവാദ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം സർക്കാരിനെ സഭയിൽ വിചാരണ ചെയ്യും.