2023 മെയ് 3-ന് മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 29 മാസങ്ങളായി. കലാപമടങ്ങാത്ത കലിയടങ്ങാത്ത മണിപ്പൂരില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് ഇക്കാലയളവിലെ ആദ്യ സന്ദര്‍ശനമാണ്. ഇതാവട്ടെ വലിയ പ്രതീക്ഷകളൊന്നും നല്‍കിയില്ലെന്ന് വിലയിരുത്തപ്പെടുന്നു. ചുരാചന്ദ്പൂരിലും ഇംഫാലിലുമായി നടന്ന പരിപാടികളില്‍ പ്രധാനമന്ത്രി സംസാരിച്ചെങ്കിലും, നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനോ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനോ ഉതകുന്ന പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം.
ദുരന്തങ്ങള്‍ക്കു ശേഷം രണ്ടു വര്‍ഷത്തിനിടെ നടത്തിയ സന്ദര്‍ശനത്തില്‍ വളരെ ചുരുങ്ങിയ പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത്. അതാവട്ടെ ജിഎസ്ടി നിരക്കുകള്‍, നേപ്പാള്‍ പ്രധാനമന്ത്രിക്ക് അഭിനന്ദനം, ‘ഈസ് ഓഫ് ലിവിംഗ്’, ‘വികസിത് ഭാരത്’ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരുന്നു ്. കൂടാതെ, താഴ്വരയ്ക്കും കുന്നുകള്‍ക്കുമിടയില്‍ സമാധാനവും സൗഹൃദവും സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത, ദില്ലിയിലും കൊല്‍ക്കത്തയിലുമുള്ള ‘മണിപ്പൂര്‍ ഭവനങ്ങള്‍’, സംസ്ഥാനത്തെ ‘സമാധാനത്തിന്റെ പ്രതീകമാക്കുക’ എന്നിവയെക്കുറിച്ചും പരാമര്‍ശിച്ചു.
ഇംഫാലിനെ പ്രതീക്ഷകളുടെയും സാധ്യതകളുടെയും നഗരമായി വിശേഷിപ്പിച്ച പ്രധാനമന്ത്രി, സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചും ഐടി മേഖലയിലെ അവസരങ്ങളെക്കുറിച്ചും സംസാരിച്ചു. പുതിയ സെക്രട്ടേറിയറ്റ് കെട്ടിടത്തെക്കുറിച്ചും റോഡുകള്‍ക്കായി അനുവദിച്ച 3,000 കോടി രൂപയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ‘മണിപ്പൂര്‍ ഭാരതത്തിന്റെ കിരീടത്തിലെ രത്‌നമാണ്. മണിപ്പൂരില്ലാതെ ഇന്ത്യന്‍ സംസ്‌കാരവും കായികരംഗവും അപൂര്‍ണ്ണമാണ് എന്നൊക്കെയാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇന്ത്യന്‍ സൈന്യത്തില്‍ മണിപ്പൂരുകാരുടെ സംഭാവനകളെ ഓര്‍മ്മിപ്പിക്കുകയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐഎന്‍എയെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു.
എന്നാല്‍, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ യുവാക്കള്‍ക്ക് വലിയ താല്‍പ്പര്യമില്ലായിരുന്നു എന്നാണ് പൊതുവേ ഉണ്ടായ പ്രതികരണം. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും പ്രതികരണങ്ങളും സൂചിപ്പിക്കുന്നത് അതാണ്. ഈ സന്ദര്‍ശനം ‘വളരെ വൈകിപ്പോയെന്നാണ് പൊതുവേയുള്ള മറുപടി. അങ്ങനെ തോന്നിയെങ്കില്‍ അതാണ് യാഥാത്ഥ്യം .ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏതാനും ചിലരെയാണ് പ്രധാനമന്ത്രിയെ കാണാനായി എത്തിച്ചത്. യഥാര്‍ത്ഥ ദുരിതാശ്വാസ ക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിച്ചില്ല. അടിസ്ഥാന സൗകര്യങ്ങളെയും കണക്റ്റിവിറ്റിയെയും കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചെങ്കിലും, ഭവനരഹിതരായവരെ വീടുകളിലേക്ക് തിരികെ എത്തിക്കുന്നതിനോ പുനരധിവസിപ്പിക്കുന്നതിനോ ഉള്ള പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ദുരിതാശ്വാസ ക്യാമ്പുകളായി മാറിയ സ്‌കൂളുകളെക്കുറിച്ചോ, ആത്മഹത്യകളെക്കുറിച്ചോ, മരുന്ന് ലഭ്യതയില്ലാത്തതുകൊണ്ടുള്ള മരണങ്ങളെക്കുറിച്ചോ, വിദ്യാഭ്യാസം മുടങ്ങിയതിനെക്കുറിച്ചോ അദ്ദേഹം ഒന്നും പറഞ്ഞില്ല.
ലോക്സഭാ എംപി ബിമോല്‍ അകോയ്ജം, പ്രധാനമന്ത്രി മണിപ്പൂരിലെ നിലവിലെ പ്രതിസന്ധി അംഗീകരിച്ചിട്ടില്ലെന്നും, ഐഡിപികളെ പുനരധിവസിപ്പിക്കുന്നതിനോ ആയുധങ്ങള്‍ നിരായുധീകരിക്കുന്നതിനോ ഉള്ള ഒരു വ്യക്തമായ റോഡ്മാപ്പ് നല്‍കാത്തതിനെയും രൂക്ഷമായി വിമര്‍ശിച്ചു.
പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ 7,000 വീടുകള്‍ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അനുവദിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍, 60,000-ത്തോളം ആളുകള്‍ ഇപ്പോഴും ക്യാമ്പുകളില്‍ ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളില്‍ കഴിയുകയാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍, നിലവിലെ പ്രതിസന്ധിക്ക് ഒരു പരിഹാരം കാണാനുള്ള പ്രതീക്ഷ വളരെ കുറവാണെന്ന് വിലയിരുത്തപ്പെടുന്നു. വംശീയ വിഭാഗങ്ങളെ ഒരുമിപ്പിക്കാനോ ചര്‍ച്ചകള്‍ ആരംഭിക്കാനോ അദ്ദേഹം ശ്രമിച്ചില്ല. ബിജെപി നേതാക്കളും എന്‍. ബിരേന്‍ സിംഗും ചുരാചന്ദ്പൂരിലെ റാലിയില്‍ നിന്ന് വിട്ടുനിന്നത് സംസ്ഥാനം ഇപ്പോഴും വിഭജിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചന നല്‍കി.