V.D SATHEESAN| അമീബിക് മസ്തിഷ്‌കജ്വരം: ‘ആരോഗ്യവകുപ്പിന് നിസ്സംഗത’; നിയമസഭയില്‍ വിഷയം ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ്

Jaihind News Bureau
Sunday, September 14, 2025

അമീബിക് മസ്തിഷ്‌കജ്വരം വ്യാപകമായിട്ടും ആരോഗ്യവകുപ്പ് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രോഗകാരണത്തെക്കുറിച്ച് ആരോഗ്യവകുപ്പിന് വ്യക്തമായ ധാരണയില്ലെന്നും, സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിഷ്‌ക്രിയമായി തുടരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപകമാകുന്നത് ആശങ്കയുണ്ടാക്കുകയാണ്. ഇപ്പോഴും ഉറവിടം പോലും കണ്ടെത്താന്‍ സര്‍ക്കാരിനോ ആരോഗ്യവകുപ്പിനോ കഴിഞ്ഞിട്ടില്ല. രോഗപ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചുള്ള അവ്യക്തത ഇപ്പോഴും തുടരുകയാണ്. രോഗത്തിന്റെ ഉറവിടത്തെക്കുറിച്ച് ആദ്യഘട്ടം മുതല്‍ സംശയങ്ങള്‍ ഉണ്ടായിരുന്നു. തുടക്കത്തില്‍ പുഴകളിലും തടാകങ്ങളിലും കുളിക്കുന്നവരെയാണ് രോഗം ബാധിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ വീട്ടില്‍ കുളിക്കുന്നവരിലും ക്ലോറിനേറ്റ് ചെയ്ത സ്വിമ്മിങ് പൂളുകളില്‍ കുളിക്കുന്നവരിലും രോഗം കാണുന്നു. ഇത് രോഗവ്യാപനത്തിന്റെ രീതിയെക്കുറിച്ചുള്ള സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ഇന്നലെ തിരുവനന്തപുരം പൂവാര്‍ സ്വദേശിയായ 17 കാരനിലും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഒപ്പം മരണസംഖ്യ ഏറുന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്.