Aagola Ayyappa Sangamam| ദേവസ്വം ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്ക് ഉപയോഗിക്കുന്നു: ആഗോള അയ്യപ്പസംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതില്‍ ഹര്‍ജി

Jaihind News Bureau
Sunday, September 14, 2025

പമ്പാ തീരത്ത് നടക്കാനിരിക്കുന്ന ‘ആഗോള അയ്യപ്പസംഗമം’ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സംസ്ഥാന സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മറയാക്കി ഈ പരിപാടി നടത്തുകയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ദേവസ്വം ഫണ്ട് ധൂര്‍ത്തിനായി ഉപയോഗിക്കുകയാണെന്നും, ദൈവത്തിന് അവകാശപ്പെട്ട പണം രാഷ്ട്രീയ പരിപാടികള്‍ക്കായി വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. അയ്യപ്പഭക്തനായ ഡോ. പി.എസ്. മഹേന്ദ്ര കുമാറാണ് ഹര്‍ജി നല്‍കിയത്.

ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ പരിപാടി തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ മതസംഗമങ്ങളുടെ പേരില്‍ സര്‍ക്കാരുകള്‍ക്ക് രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ ഇത് വഴിയൊരുക്കുമെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.

കൂടാതെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ചട്ടപ്രകാരം ഇത്തരം ആഗോള മതസംഗമങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ക്ഷേത്ര ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്നും അദ്ദേഹം വാദിക്കുന്നു.

പമ്പാ നദീതീരം പരിസ്ഥിതിലോല മേഖലയായതിനാല്‍ അവിടെ ഈ പരിപാടി നടത്തുന്നത് ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് നാളെ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടേക്കും.