ആര്‍.എസ്.എസ് മുഖവാരികയായ കേസരിയില്‍ പ്രസിദ്ധീകരിച്ച ലേഖനം ക്രൈസ്തവ വിരുദ്ധമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം പി. ‘ആഗോള മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍’ എന്ന തലക്കെട്ടില്‍ വന്ന ലേഖനം, മതപരിവര്‍ത്തനത്തിന്റെ പേരില്‍ നാട്ടില്‍ വെറുപ്പ് പ്രചരിപ്പിക്കാനും ക്രൈസ്തവരെ രാജ്യത്തിന്റെ ശത്രുപക്ഷത്ത് നിര്‍ത്താനുമുള്ള ഗൂഢലക്ഷ്യം വെച്ചുള്ളതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
ചത്തീസ്ഗഡില്‍ അന്യായമായി തടങ്കലിലാക്കപ്പെട്ട കന്യാസ്ത്രീകളെ മോചിപ്പിച്ചപ്പോള്‍ അവരോടൊപ്പം ഫോട്ടോയെടുത്ത ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാടിലെ ഇരട്ടത്താപ്പാണ് ഈ ലേഖനത്തിലൂടെ വെളിവായതെന്നും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു. ‘ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാന്‍ കഴിയില്ലെന്നത് നമ്മള്‍ മനസ്സിലാക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രൈസ്തവ, മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഷം തുപ്പുന്നത് ആര്‍.എസ്.എസ്. തുടരുമെന്ന് പ്രഖ്യാപിക്കുക കൂടിയാണിവിടെ. കേരളത്തില്‍ കേക്കുമായി ക്രൈസ്തവ ഭവനങ്ങള്‍ കയറിയിറങ്ങുന്ന ബി.ജെ.പി.യുടെ നിലപാടും ഇതുതന്നെയാണോ എന്ന് അറിയാന്‍ താല്‍പ്പര്യമുണ്ടെന്ന് കെ.സി. വേണുഗോപാല്‍ ചോദിച്ചു. അന്ധമായ ന്യൂനപക്ഷ വിരോധം പേറുന്ന സംഘപരിവാര്‍ സംഘടനകളോട് സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കേസരിയും ഓര്‍ഗനൈസറും പ്രസിദ്ധീകരിക്കുന്നത് വെറുപ്പിന്റെ കടലാസ് കഷണങ്ങളിലാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.