Amoebic Meningoencephalitis| അമീബിക് മസ്തിഷ്‌ക ജ്വരം: തിരുവനന്തപുരത്ത് ചികിത്സയിലുള്ള പതിനേഴുകാരന്റെ ആരോഗ്യനില തൃപ്തികരം; ജാഗ്രത

Jaihind News Bureau
Sunday, September 14, 2025

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക. ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തല്‍ക്കുളത്തില്‍ കുളിച്ച പതിനേഴുകാരനാണ് രോഗം ബാധിച്ചത്. തുടര്‍ന്ന്, ആരോഗ്യവകുപ്പ് നീന്തല്‍ക്കുളം അടച്ചുപൂട്ടി. ഇവിടെനിന്നുള്ള വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 16-നാണ് രോഗം ബാധിച്ച കുട്ടി സുഹൃത്തുക്കളോടൊപ്പം ഈ നീന്തല്‍ക്കുളത്തിലെത്തിയത്. ഒപ്പം കുളിച്ച സുഹൃത്തുക്കള്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും കാണാത്തത് ആശ്വാസകരമാണ്. മുന്‍കരുതലെന്ന നിലയില്‍ ഈ നീന്തല്‍ക്കുളം ഉപയോഗിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ച് നിരീക്ഷണത്തിലാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച പതിനേഴുകാരന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. അതേസമയം ആകെ 66 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 2 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ആകെ 19 പേര്‍ക്ക് രോഗബാധയും 7 മരണവും സ്ഥിരീകരിച്ചു.