സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന കസ്റ്റഡി മര്‍ദ്ദനങ്ങളും, തൃശൂരിലെ ശബ്ദരേഖാ വിവാദവും, ആരോഗ്യമേഖലയിലെ തകര്‍ച്ചയും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതിനിടയില്, നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ മൗനം തുടരുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം സഭയില്‍ ആഞ്ഞടിക്കും. കസ്റ്റഡി മര്‍ദ്ദനത്തിന് ഉത്തരവാദികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടും. കള്ളക്കേസില്‍ കുടുക്കി കെഎസ്യു പ്രവര്‍ത്തകരെ വിലങ്ങണിയിച്ച് മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ പോലീസിന്റെ പ്രാകൃതമായ നടപടിക്കെതിരെയും സഭയില്‍ പ്രതിഷേധം ഉയരും.
സിപിഎം നേതാക്കളെ പ്രതിക്കൂട്ടിലാക്കിയ തൃശൂരിലെ ശബ്ദരേഖ വിവാദം സഭയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കും. അമീബിക് മസ്തിഷ്കജ്വരം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോഴും പിടിപ്പുകേടിന്റെ പര്യായമായിരിക്കുന്ന ആരോഗ്യ വകുപ്പിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിക്കും. ആരോഗ്യ മേഖലയിലെ വിവിധ വിവാദങ്ങള്‍ സഭയില്‍ ചര്‍ച്ചയാകും.
സര്‍ക്കാരിന്റെ രാഷ്ട്രീയ തട്ടിപ്പുകളായ ആഗോള അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ തുറന്നുകാട്ടും. എസ്.ഐ.ആര്, വോട്ടേഴ്സ് ലിസ്റ്റ് വിവാദം, വാര്‍ഡ് പുനര്‍വിഭജനം തുടങ്ങിയ കാര്യങ്ങളും സഭയില്‍ വലിയ ചര്‍ച്ചയാകും. എസ്.ഐ.ആറിനെ ശക്തമായി എതിര്‍ക്കുമെന്ന പ്രതിപക്ഷത്തിന്റെ നിലപാട് ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ കൊല്ലുന്നതിന് കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്‍ സഭയിലെത്തും. കേന്ദ്ര നിയമത്തില്‍ ഒരു സംസ്ഥാനം ഭേദഗതി കൊണ്ടുവരുന്നത് രാജ്യത്ത് ഇതാദ്യമായാണ്. കൂടാതെ, കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങള്‍ തുടര്‍ന്നും നടത്തുന്നതിനുള്ള നിയമനിര്‍മ്മാണ ബില്ലും സമ്മേളനത്തില്‍ അവതരിപ്പിക്കും.