V.D SATHEESAN| ‘ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് എതിരായ സിപിഎം ആക്രമണം പ്രതിഷേധാര്‍ഹം; ക്രിമിനലുകൾ അഴിഞ്ഞാടിയത് പൊലീസ് സംരക്ഷണയിൽ’-വി.ഡി സതീശന്‍

Jaihind News Bureau
Saturday, September 13, 2025

ടി.സിദ്ധിഖ് എംഎല്‍എയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച സി.പി.എം ക്രിമിനൽ സംഘത്തിൻ്റെ നടപടി ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

എന്തിന് വേണ്ടിയാണ് ക്രിമിനൽ സംഘത്തെ അയച്ച് എം.എൽ.എയുടെ ഓഫീസ് തകർത്തതെന്ന് സി.പി.എം വ്യക്തമാക്കണം. സി.പി.എം ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള എല്ലാ സൗകര്യവും പൊലീസ് ഒരുക്കിക്കൊടുത്തു. സി.പി.എം പോഷക സംഘടന പോലെ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ഭരണ പാർട്ടി അംഗങ്ങളുടെ എല്ലാ ക്രിമിനൽ പ്രവർത്തനങ്ങൾക്കും കൂട്ട് നിൽക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നിയമവിരുദ്ധമായ എന്ത് പ്രവൃത്തി ചെയ്യാനും സി.പി.എം ക്രിമിനലുകൾക്ക് പൊലീസ് സംരക്ഷണം നൽകുന്നത് അംഗീകരിക്കാനാകില്ല. പൊലീസ് സംരക്ഷണയിൽ എന്തും ചെയ്യുമെന്ന നിലയാണ് സംസ്ഥാനത്തെങ്കിൽ അതേ നാണയത്തിൽ കോൺസിൻ്റെ ഭാഗത്ത് നിന്നും തിരിച്ചടി ഉണ്ടാകുമെന്നത് മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.