അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചന് ഔദ്യോഗിക ബഹുമതികളോടെ വിട. പെരുമ്പാവൂരിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം അങ്കമാലി അകപ്പറമ്പ് സാബോർ അഫ്രോത്ത് വലിയ കത്തീഡ്രൽ സെമിത്തേരിയിൽ മതപരമായ ചടങ്ങുകളോടെ സംസ്കാരം നടന്നു. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ ,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ബെന്നി ബെഹന്നാൻ എം പി അടക്കം നിരവധിപേർ ഇന്നലെ മുതൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
സ്പീക്കർ, കൃഷിവകുപ്പ് മന്ത്രി ,കെപിസിസി അധ്യക്ഷൻ ,നിയമസഭ സ്പീക്കർ തുടങ്ങിയ പദവികളിൽ തിളങ്ങിയ രാഷ്ട്രീയ നേതാവാണ് വിടവാങ്ങിയത്. ഇന്നലെ മുതൽ പെരുമ്പാവൂരിലെ പി പി തങ്കച്ചന്റെ വീട്ടിൽ ഭൗതികദേഹം പൊതുദർശനത്തിന് വച്ചിരുന്നു. രണ്ട് ദിവസമായി വലിയ ജനപ്രഭാവമാണ് അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. കെപിസിസി പ്രസിഡന്റെ സണ്ണി ജോസഫ്, അടൂർ പ്രകാശ്, രമേശ് ചെന്നിത്തല, രാജ്മോഹൻ ഉണ്ണിത്താൻ, സി പി ജോൺ, കൊടിക്കുന്നിൽ സുരേഷ്, അനൂപ് ജേക്കബ്, പി കെ കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ തുടങ്ങി സമൂഹത്തിലെ ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ആയിരങ്ങളാണ് പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ അണമുറിയാതെയാണ് വീട്ടിലേക്കും പള്ളിയിലേക്കും അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഇന്നലെ എത്തിയിരുന്നു. പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷമാണ് ഭൗതിക ദേഹം അന്ത്യ ശുശ്രൂഷകൾക്കായി അകപറമ്പ് സാബോർ അഫ്രോത്ത് വലിയ കത്തീഡ്രൽ സെമിത്തേരിയിൽ എത്തിച്ചത്. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം 4മണിയോടെയായിരുന്നു സംസ്കാരം.