പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പുര്‍ സന്ദര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. മോദിയുടെ സന്ദര്‍ശനം പശ്ചാത്താപത്തിന്റെ ഭാഗമല്ലെന്നും മുറിവേറ്റവരുടെ മേലുള്ള ക്രൂരമായ പ്രഹരമാണെന്നും അദ്ദേഹം എക്സിലൂടെ കുറ്റപ്പെടുത്തി.
മണിപ്പുരില്‍ 864 ദിവസത്തോളം നീണ്ടുനിന്ന അക്രമങ്ങളില്‍ 300 പേര് കൊല്ലപ്പെടുകയും 67,000 പേര്‍ക്ക് വീടുവിട്ട് പോകേണ്ടി വരികയും 1,500-ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ മോദി വീണ്ടും മണിപ്പൂര്‍ സന്ദര്‍ശിക്കുന്നതിലാണ് ഖര്‍ഗെയുടെ പ്രതികരണം. 46 വിദേശയാത്രകള്‍ നടത്തിയ മോദി, സ്വന്തം പൗരന്മാരോട് സഹതാപം പ്രകടിപ്പിക്കാന്‍ മണിപ്പുരില്‍ ഒരു സന്ദര്‍ശനം പോലും നടത്തിയില്ലെന്ന് ഖര്‍ഗെ ചൂണ്ടിക്കാട്ടി. മോദിയുടെ അവസാന സന്ദര്‍ശനം 2022 ജനുവരിയില്‍ തിരഞ്ഞെടുപ്പ് സമയത്തായിരുന്നു എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നിര്‍ദോഷികളായ ഒരുപാട് ആളുകളുടെ ജീവിതം നശിപ്പിച്ചതിന് മോദിയും അമിത് ഷായും ഉത്തരവാദികളാണെന്നും, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി തങ്ങളുടെ പങ്ക് മറച്ചുവെക്കാന്‍ ശ്രമിച്ചെന്നും ഖര്‍ഗെ ആരോപിച്ചു. മണിപ്പൂരിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ ബി.ജെ.പിക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും ഈ വിഷയത്തില്‍ നിന്ന് പിന്മാറുകയാണ്. ദേശീയ സുരക്ഷയ്ക്കും അതിര്‍ത്തി പട്രോളിങ്ങിനും നിങ്ങളുടെ സര്‍ക്കാരാണ് ഉത്തരവാദിയെന്ന് മറക്കരുതെന്നും ഖര്‍ഗെ ഓര്‍മ്മിപ്പിച്ചു.
മോദിയുടെ സന്ദര്‍ശനം പശ്ചാത്താപമോ കുറ്റബോധമോ അല്ലെന്നും, മറിച്ച് അദ്ദേഹം സ്വന്തമായി ഒരു സ്വാഗത ചടങ്ങ് നടത്തുകയാണെന്നും ഖര്‍ഗെ പരിഹസിച്ചു. അടിസ്ഥാന ഭരണഘടനാ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനിടയില്‍, മുറിവേറ്റവരുടെ മേലുള്ള ക്രൂരമായ പ്രഹരമാണിതെന്നും ഖാര്‍ഗെ പറഞ്ഞു. മോദിയുടെ സ്വന്തം വാക്കുകളില്‍ പറഞ്ഞാല്‍, ‘രാജധര്‍മ്മം എവിടെ?’ എന്നും അദ്ദേഹം ചോദിച്ചു.