വയനാട്: രണ്ട് വര്‍ഷത്തിന് ശേഷമെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രിയങ്ക ഗാന്ധി എം പി പരിഹസിച്ചു. പ്രധാനമന്ത്രിക്ക് ഇതിന് മുന്‍പ് തന്നെ മണിപ്പൂര്‍ സന്ദര്‍ശിക്കാമായിരുന്നുവെന്നും ഇത്രയധികം ആളുകള്‍ കൊല്ലപ്പെടാനും ദുരിതത്തിലാകാനും കാരണം അദ്ദേഹത്തിന്റെ നിഷ്‌ക്രിയത്വമാണെന്നും പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘രണ്ട് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രിക്ക് അവിടെ പോകാന്‍ തോന്നിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതിന് മുന്‍പ് തന്നെ അദ്ദേഹത്തിന് അവിടെ സന്ദര്‍ശിക്കാമായിരുന്നു. അവിടെ സംഭവിക്കുന്നത് ഇത്രയും കാലം തുടരാനും നിരവധി ആളുകള്‍ കൊല്ലപ്പെടാനും ഇത്രയധികം ആളുകള്‍ ദുരിതത്തിലാകാനും അനുവദിച്ചത് നിര്‍ഭാഗ്യകരമാണ്,’ പ്രിയങ്ക പറഞ്ഞു.
ഇന്ത്യയിലെ പ്രധാനമന്ത്രിമാരുടെ പാരമ്പര്യം ഇതല്ലെന്നും പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി. ‘ഏത് പാര്‍ട്ടിയില്‍പ്പെട്ട പ്രധാനമന്ത്രിയാണെങ്കിലും, രാജ്യത്ത് എവിടെയെങ്കിലും വേദനയും ദുരിതവും ഉണ്ടായാല്‍ അവര്‍ അവിടെ പോകുമായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ പിന്തുടരുന്ന പാരമ്പര്യമാണിത്. അതിനാല്‍, രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം ആ കടമ നിറവേറ്റുകയാണ്. ഇതിനെക്കുറിച്ച് നേരത്തെ ചിന്തിക്കേണ്ടിയിരുന്നുവെന്ന് ഞാന്‍ കരുതുന്നു,’ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.