KSU PROTEST| കെഎസ്‌യു പ്രവര്‍ത്തകരെ മുഖംമൂടിയണിയിച്ച് കോടതിയിലെത്തിച്ച സംഭവം: വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

Jaihind News Bureau
Saturday, September 13, 2025

തൃശ്ശൂര്‍: കെ.എസ്.യു. നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെ.എസ്.യു. നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

വടക്കാഞ്ചേരി എസ്.എച്ച്.ഒ. ഷാജഹാനെതിരെ നടപടി ആവശ്യപ്പെട്ടാണ് കെ.എസ്.യു. പ്രതിഷേധം. മുഖ്യമന്ത്രിയുടെയും എസ്.എച്ച്.ഒ. ഷാജഹാന്റെയും കോലം പ്രതിഷേധക്കാര്‍ കത്തിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചത്. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. പ്രതിഷേധത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് കെ.എസ്.യു. പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

വടക്കാഞ്ചേരിയില്‍ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു കെ.എസ്.യു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് മുഖംമൂടി ധരിപ്പിച്ചത്. സംഭവത്തില്‍ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ കറുത്ത മാസ്‌കും കൈവിലങ്ങും അണിയിച്ചു കൊണ്ടുവന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. എസ്.എച്ച്.ഒ. ഷാജഹാന്‍ തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.