എറണാകുളം: നീതിപൂര്‍വവും സത്യസന്ധവുമായ തിരഞ്ഞെടുപ്പിന് എതിരെയുള്ള ബി.ജെ.പി.യുടെ തന്ത്രമാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘എന്തിനാണ് വോട്ടര്‍ പട്ടിക 2002-ലേക്ക് പോകുന്നത്? 52 ലക്ഷം പേരുടെ വോട്ട് ചേര്‍ക്കേണ്ടിവരും. ഇത് അര്‍ഹരുടെ വോട്ട് നഷ്ടമാക്കും. 23 വര്‍ഷമായി വോട്ട് ചെയ്യുന്നവരുടെ പേരുകള്‍ പോലും ഇല്ലാതാക്കുന്ന മായാജാലമാണ് എസ്.ഐ.ആര്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തും,’ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഒട്ടകപക്ഷിയെപ്പോലെ മണ്ണില്‍ മുഖം താഴ്ത്തി ഇരിക്കുന്നുവെന്നും കെ.എസ്.യു. നേതാക്കളെ തീവ്രവാദികളെപ്പോലെ മുഖംമൂടി അണിയിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അവസാനത്തിന്റെ ആരംഭം കുറിച്ചെന്നും വി.ഡി. സതീശന്‍ മുന്നറിയിപ്പ് നല്‍കി.
കേരള പൊലീസിനെതിരെയും വി.ഡി. സതീശന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. പാവപ്പെട്ട പിള്ളേരെ കള്ളക്കേസില്‍ കുടുക്കി തലയില്‍ തുണിയിട്ട് കൊണ്ടുവന്നുവെന്നും ഇതിനെല്ലാം ഉത്തരം പറയിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നുണ്ടെന്നും അത്തരക്കാര്‍ യൂണിഫോമിട്ട് കേരളത്തിലൂടെ നടക്കില്ലെന്നും വി.ഡി. സതീശന്‍ മുന്നറിയിപ്പ് നല്‍കി.