മണിപ്പൂരില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആദ്യമായി സംസ്ഥാനം സന്ദര്‍ശിക്കും. കലാപം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മിസോറാമില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാകും അദ്ദേഹം ചുരാചന്ദ്പൂരില്‍ എത്തുക.
രാവിലെ 12 മണിക്ക് ചുരാചന്ദ്പൂരില്‍ നടക്കുന്ന പരിപാടിയില്‍ 7,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, ഉച്ചയ്ക്ക് 2.30-ന് ഇംഫാലിലെത്തി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. മണിപ്പൂരിന്റെ വികസനമാണ് തന്റെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
മോദിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് മണിപ്പൂരില്‍ സംഘര്‍ഷം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ചുരാചന്ദ്പൂരില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കെട്ടിയ തോരണം ചിലര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. കൂടാതെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ തീവ്രസംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധിത സംഘടനകള്‍ അടക്കം ആറ് സംഘടനകളുടെ കൂട്ടായ്മയായ ‘ദ കോര്‍ഡിനേഷന്‍ കമ്മിറ്റി’യാണ് മോദി സംസ്ഥാനം വിടും വരെ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്.
അതേസമയം, സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനുള്ള ചില ശ്രമങ്ങളും നടക്കുന്നുണ്ട്. മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി, നാഗ സംഘടനകള്‍ ദേശീയപാത ഉപരോധം താല്‍ക്കാലികമായി പിന്‍വലിച്ചു. മണിപ്പൂരില്‍ ദേശീയപാത രണ്ട് തുറക്കാന്‍ സര്‍ക്കാരും കുക്കി സംഘടനകളും തമ്മില്‍ ധാരണയായതായും റിപ്പോര്‍ട്ടുകളുണ്ട്. ഉപരോധങ്ങള്‍ അവസാനിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലും പരിസരങ്ങളിലും വന്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
2023 മെയ് മാസത്തില്‍ കുക്കികളും മെയ്തേയികളും തമ്മില്‍ ആരംഭിച്ച വംശീയ സംഘര്‍ഷത്തില്‍ 260-ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് വീട് ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിയും വന്നു. ഈ വിഷയത്തിലെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിച്ചു. ഒരു സംസ്ഥാനം മുഴുവന്‍ കത്തിയെരിയുമ്പോഴും അദ്ദേഹം ഒരു സന്ദര്‍ശനത്തിനു പോലും തയ്യാറായില്ല. പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ പോലും വ്യക്തമായ ഒരു മറുപടി നല്കാന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.