P P THANKACHAN| പി.പി.തങ്കച്ചന് ആദരവര്‍പ്പിച്ച് രാഷ്ട്രീയ കേരളം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഉള്‍പ്പടെയുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Jaihind News Bureau
Friday, September 12, 2025

അന്തരിച്ച കെപിസിസി മുന്‍ അധ്യക്ഷനും, നിയമസഭാ സമാജികനുമായിരുന്ന പി.പി.തങ്കച്ചന് ആദരവര്‍പ്പിച്ച് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കെപിസി സി അധ്യക്ഷനും ഉള്‍പ്പടെയുള്ളവര്‍ പെരുമ്പാവൂരിലെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. നാളെ വൈകീട്ട് മൂന്നിന് നെടുമ്പാശ്ശേരി അകപറമ്പ് യാക്കോബായ പള്ളിയിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക

പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ നൂറു കണക്കിനാളുകളാണ് പെരുമ്പാവൂരിലെ പി പി തങ്കച്ചന്റെ വീട്ടിലേക്ക് എത്തിയത്. കേരള രാഷ്ട്രീയത്തില്‍ തിരക്കുള്ള നേതാവായിരുന്ന കാലത്തും തന്റെ രാഷ്ട്രീയ ജീവിതത്തിന് കരുത്തേകിയ പെരുമ്പാവൂരിലെ ജനങ്ങളെ എന്നും പി പി തങ്കച്ചന്‍ ചേര്‍ത്ത് പിടിച്ചിരുന്നു. വിശ്രമ ജീവിതത്തിനിടയിലും പെരുമ്പാവൂരിലൂടെ കാറില്‍ സഞ്ചരിച്ചും നാട്ടുകാരുടെ സുഖ വിവരങ്ങള്‍ പി പി തങ്കച്ചന്‍ അന്വേഷിക്കുമായിരുന്നു. രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കഴിഞ്ഞ 27 ദിവസമായി വീട്ടില്‍ തങ്കച്ചന്‍ ഉണ്ടായിരുന്നില്ല.

യുഡിഎഫ് കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ പാര്‍ട്ടിയേയും മുന്നണിയേയും ഒരുമിച്ച് കൊണ്ടു പോകുന്നതില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ നേതാവാണെന്നും പിപി തങ്കച്ചനെ പോലൊരു മുതിര്‍ന്ന നേതാവിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്ന വ്യക്തിപ്രഭാവത്തിനുടമയും കേരള രാഷ്ട്രീയത്തിലെ സൗമ്യനായ നേതാവായിരുന്നു പി പി തങ്കച്ചനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുസ്മരിച്ചു.

സാമൂഹ്യ രാഷ്ടീയ രംഗത്തെ നിരവധിപേര്‍ പി പി തങ്കച്ചന് അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്,പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍, മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല,മുന്‍ മന്ത്രി പന്തളം സുധാകരന്‍ ,വിഎം സുധീരന്‍, ധനമന്ത്രി കെ എം ബാലഗോപാല്‍,മന്ത്രി കെ കൃഷ്ണന്‍കുട്ടി,എം പി മാരായ ഹൈബി ഈഡന്‍, ബെന്നി ബെഹന്നാന്‍ എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി , ചാണ്ടി ഉമ്മന്‍, ചലച്ചിത്രതാരം ജയറാം, എം എല്‍ എ മാര്‍, എംപിമാര്‍, വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാര്‍ എന്നിവരടക്കം അന്ത്യഞ്ജലി അര്‍പ്പിച്ചു.

യു ഡി എഫിന്റെ പ്രതിസന്ധി ഘട്ടങ്ങളിലും അത് പരിഹരിച്ച് മുന്നോട്ട് പോകുവാന്‍ പ്രവർത്തിച്ച വ്യക്തിത്വമായിരുന്നെന്നും ആറു പതിറ്റാണ്ട് കാലം യു ഡി എഫിനെ നയിച്ച കറപുരളാത്ത നേതാവായിരുന്നു. പിപി തങ്കച്ചനെന്ന് നേതാക്കന്മാര്‍ അനുസ്മരിച്ചു. നാളെ വൈകിട്ട് മൂന്നിന് നെടുമ്പാശ്ശേരി അകപറമ്പ് യാക്കോബായ സുറിയാനി പള്ളിയിലാണ് പി പി തങ്കച്ചന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക