KSU | ഭീകരവാദികളല്ല സര്‍, കെ.എസ്.യു പ്രവര്‍ത്തകരാണ്; പോലീസ് മാന്യതയുടെ സകല സീമകളും ലംഘിക്കുന്നു; മറുപടിയുണ്ടാകും: കെ.എസ്.യു

Jaihind News Bureau
Friday, September 12, 2025

ചേലക്കരയിലെ കെ.എസ്.യു- എസ്.എഫ്.ഐ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് അടക്കമുള്ള പ്രവര്‍ത്തകരെ തല മൂടി കെട്ടി കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ പോലീസിന് രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.

കൊടും ക്രിമിനലുകളെ ഹാജരാക്കുന്നത് പോലെയാണ് വിദ്യാര്‍ത്ഥി നേതാക്കളെ കോടതിയില്‍ ഹാജരാക്കിയത്. മാന്യതയുടെ സകല സീമകളും പോലീസ് ലംഘിക്കുകയാണെന്നും, മറുപടി ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.കുന്നംകുളം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന് ചുക്കാന്‍ പിടിച്ച ഷാജഹാനാണ് ഈ കൊള്ളരുതായ്മക്കും നേതൃത്വം നല്‍കിയത്.

മുഖ്യ ” ആഭ്യന്തര മന്ത്രി ‘ കസേരയില്‍ എല്ലാ കാലത്തും മൗനീ ബാബയായ പിണറായി വിജയന്‍ ഉണ്ടാകും എന്ന് വടക്കാഞ്ചേരി എസ്. എച്ച്.ഒ ഷാജഹാന്‍ കരുതരുതെന്നും അലോഷ്യസ് പറഞ്ഞു. കൈകളില്‍ വിലങ്ങ് അണിയിച്ച്, തല മൂടി കെട്ടി കെ.എസ്.യു പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കിയ എസ്.എച്ച്.ഒക്ക് നിയമപരമായും, രാഷ്ട്രീയമായും മറുപടി ഉണ്ടാകുമെന്നും,വിഷയത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.