തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദ സന്ദേശം പുറത്ത്. കരുവന്നൂര്‍ കേസിലെ പ്രതിപ്പട്ടിക ഈ നേതാക്കളെ ഉള്‍പ്പെടുത്തി വിപുലമായിരിക്കെയാണ്, പാര്‍ട്ടി നേതാക്കള്‍ സാമ്പത്തികമായി നില മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും അവരുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചുമുള്ള സന്ദേശം പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്.
ശരത് പ്രസാദിന്റെ ശബ്ദ സന്ദേശത്തിലെ പ്രധാന ആരോപണങ്ങള്‍:
നേതാക്കളുടെ സാമ്പത്തിക വളര്‍ച്ച: സിപിഎം നേതാക്കള്‍ ഒരു ഘട്ടം കഴിയുമ്പോള്‍ സാമ്പത്തികമായി വലിയ മാറ്റങ്ങള്‍ വരുത്തുന്നവരാണെന്ന് ശരത് പ്രസാദ് തുറന്നു പറയുന്നു. സ്വന്തം കാര്യം നോക്കുന്നതില്‍ അവര്‍ മിടുക്കരാണ്.
എം.കെ. കണ്ണന്‍: എം.കെ. കണ്ണന് കപ്പലണ്ടി കച്ചവടമായിരുന്നു. രാഷ്ട്രീയം കാരണം അദ്ദേഹം രക്ഷപ്പെട്ടുവെന്നും ഇപ്പോള്‍ കോടാനുകോടി രൂപയുടെ സ്വത്തുണ്ടെന്നും സന്ദേശത്തില്‍ വെളിപ്പെടുത്തുന്നു.
വലിയ ഡീലര്‍മാര്‍: ചില സിപിഎം നേതാക്കളെ ‘വലിയ ഡീലര്‍മാര്‍’ എന്ന് വിശേഷിപ്പിക്കുന്നു. വര്‍ഗീസ് കണ്ടന്‍കുളത്തി, അനൂപ് കാട, മുന്‍ മന്ത്രി എ.സി. മൊയ്തീന്‍ എന്നിവര്‍ വലിയ ഡീലുകള്‍ നടത്തുന്നവരാണെന്നും, എ.സി. മൊയ്തീന്‍ ഉന്നത വിഭാഗക്കാര്‍ക്കിടയില്‍ ഡീലുകള്‍ ചെയ്യുന്ന ആളാണെന്നും സന്ദേശത്തില്‍ പറയുന്നു.
പിരിവുകളിലെ വരുമാനം: പാര്‍ട്ടി ഭാരവാഹികളുടെ വരുമാനത്തെക്കുറിച്ചും ശബ്ദ സന്ദേശത്തില്‍ പരാമര്‍ശമുണ്ട്. ഏരിയ സെക്രട്ടറിക്ക് മാസം 10,000 രൂപയും, ജില്ലാ ഭാരവാഹിക്ക് 25,000 രൂപയ്ക്ക് മുകളിലും, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ വന്നാല്‍ 75,000 മുതല്‍ ഒരു ലക്ഷം രൂപ വരെയും പിരിവുകളിലൂടെ ലഭിക്കുമെന്നും ശരത് പറയുന്നു. ഇടപെടുന്നവരുടെ നിലപോലെ കളക്ഷന്‍ കൂടും. കളക്ഷന്‍ അനുസരിച്ച് നേതാക്കളുടെ ജീവിത സാമ്പത്തിക നിലവാരം കൂടുമെന്നും ശരത് പ്രസാദ് പറയുന്നു.
അഞ്ച് വര്‍ഷം മുമ്പുള്ള ശബ്ദ സന്ദേശമാണിതെന്നും ഇത് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നുമാണ് ശരത് പ്രസാദ് വിശദീകരണം നല്‍കിയിട്ടുണ്ട്. എന്തായാലും സന്ദേശം യഥാര്‍ത്ഥമാണെന്ന് സ്ഥിരീകരിക്കുന്നു.