പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ മണ്ഡലമായ പത്തനംതിട്ടയില്‍, ജനറല്‍ ആശുപത്രിയിലെ ഗുരുതരമായ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി പരാതി. കൊടുന്തറ പടിഞ്ഞാറേ വിളയില്‍ മനോജ്-രാധ ദമ്പതികളുടെ ഏഴ് വയസ്സുള്ള മകന്‍ മനുവിന്റെ ചികിത്സയിലാണ് പിഴവ് സംഭവിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
ഒന്നര ആഴ്ച മുമ്പ് സൈക്കിളില്‍നിന്ന് വീണ് കൈക്ക് പരിക്കേറ്റ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കാഷ്വാലിറ്റിയിലെ ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്‌സ്-റേ എടുത്തശേഷം പൊട്ടലുണ്ടെന്ന് പറഞ്ഞ് കൈക്ക് പ്ലാസ്റ്ററിട്ടു. ഒരാഴ്ച കഴിഞ്ഞ് ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടറെ കാണിക്കാനും നിര്‍ദേശിച്ച് കുട്ടിയെ വീട്ടിലേക്ക് വിട്ടു.
എന്നാല്‍, അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ കൈക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു. മാതാപിതാക്കള്‍ കൈ പരിശോധിച്ചപ്പോള്‍ വ്രണവും പഴുപ്പും കണ്ടു. ഉടന്‍തന്നെ കുട്ടിയെ വീണ്ടും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്ലാസ്റ്റര്‍ അഴിച്ച് പരിശോധിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം ആദ്യം ഡോക്ടര്‍മാര്‍ ചെവിക്കൊണ്ടില്ലെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് പ്ലാസ്റ്റര്‍ അഴിച്ച് പരിശോധിച്ചശേഷം ഫസ്റ്റ് എയ്ഡ് നല്‍കി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
തുടര്‍ന്ന്, കുട്ടിയെ തിരുവല്ലയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും, അവിടെ സര്‍ജറി നടത്തുകയും ചെയ്തു. കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നതായി മാതാപിതാക്കള്‍ അറിയിച്ചു. ചികിത്സാ പിഴവിന് കാരണക്കാരായവര്‍ക്കെതിരെ അധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് മനോജ് വ്യക്തമാക്കി.