കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ ക്രിമിനലുകളുടെ നിയന്ത്രണത്തിലാണെന്നും, നിരപരാധികളായ ആളുകളെ ക്രൂരമായി മര്‍ദിച്ച് കൊല്ലുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അടൂരില്‍ ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ തല്ലിക്കൊന്നു എന്നും, മരണത്തിന് കാരണമായ മര്‍ദനം പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് നടന്നതെന്ന് കുടുംബം പരാതിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇയാളുടെ കൂടെ വന്ന സ്ത്രീയെ പോലും പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്നും സതീശന്‍ ആരോപിച്ചു.
കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ സ്റ്റാലിന്റെ കാലത്തെ ഗുലാഗുകളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പോലും ഇവിടെ രക്ഷയില്ല. ഈ അതിക്രമങ്ങള്‍ക്ക് ഒരു നടപടിയും എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. മുഖ്യമന്ത്രിക്ക് ഈ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്നും, ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തില്‍ ലോകത്തുള്ള എല്ലാ രോഗങ്ങളും പടരുന്നുണ്ടെന്നും എന്നാല്‍ ഇത് നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വ്യാപിക്കുന്ന അമീബിക് മസ്തിഷ്‌കജ്വരത്തില്‍ എത്ര പേര്‍ മരിച്ചെന്നോ എന്താണ് രോഗകാരണമെന്നോ പോലും ആരോഗ്യവകുപ്പിന് അറിയില്ല. ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണെന്നും അദ്ദേഹം പരിഹസിച്ചു.