അടൂരില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ജോയലിന്റെ മരണം: പൊലീസ് മര്‍ദ്ദനം പാര്‍ട്ടി നേതാക്കളുടെ അറിവോടെയെന്ന് കുടുംബം

Jaihind News Bureau
Friday, September 12, 2025

പത്തനംതിട്ട: അടൂര്‍ നെല്ലിമുകള്‍ സ്വദേശിയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനുമായിരുന്ന ജോയല്‍ പൊലീസ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ സി.പി.എം., ഡി.വൈ.എഫ്.ഐ. നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ജോയലിന് പൊലീസ് മര്‍ദ്ദനമേല്‍ക്കുന്ന സമയത്ത് ഒരു പാര്‍ട്ടി നേതാവുപോലും സഹായിക്കാനോ, മരണശേഷം ആശ്വസിപ്പിക്കാനോ എത്തിയില്ലെന്ന് ജോയലിന്റെ പിതാവ് ജോയി പറഞ്ഞു.

ജോയലിനെ അടൂര്‍ പൊലീസ് സ്റ്റേഷനില്‍വെച്ച് സി.ഐ. ബിജു അടക്കമുള്ളവര്‍ മര്‍ദ്ദിക്കുമ്പോള്‍ സഹോദരന്‍ വിവരമറിയിച്ചിട്ടും സി.പി.എം. നേതാക്കള്‍ ആരും രക്ഷയ്ക്കെത്തിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. ജോയലിന്റെ മരണം പാര്‍ട്ടിയുടെ അറിവോടെ നടന്നതാണെന്ന് കൊലക്കേസിലെ പ്രധാനിയായ സി.ഐ. ബിജു പിന്നീട് ജോയലിന്റെ മാതാവിനെ ഫോണില്‍ വിളിച്ച് അറിയിച്ചതായും കുടുംബം പറയുന്നു. പൊലീസ് മര്‍ദ്ദനമേല്‍ക്കുന്ന ദിവസം രാവിലെ മുന്‍മന്ത്രി എ.സി. മൊയ്തീന്റെ സ്റ്റാഫംഗം വീട്ടില്‍ കയറി ജോയലിനെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.

ജോലി തട്ടിപ്പുകേസിലെ പ്രധാനികളായ ചില നേതാക്കളുടെ ബന്ധം പുറത്തറിയാതിരിക്കാന്‍ വേണ്ടിയാണ് ജോയലിനെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച് കൊന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. കെ.ടി.ഡി.സിയിലെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അടൂരിലെ പ്രാദേശിക വനിതാ നേതാവ് ജയസൂര്യയുടെ ഡ്രൈവറായി ജോയലിനെ നിയോഗിച്ചത് ഒരു പൊലീസ് ജോയലിനെ വിട്ടയച്ചിരുന്നു.

പിന്നീട്, 2020 ജനുവരി ഒന്നിന് വാഹനാപകടത്തെത്തുടര്‍ന്നുള്ള തര്‍ക്കത്തില്‍ പൊലീസ് ജോയലിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് ശാരീരിക അവശതകളുണ്ടായ ജോയല്‍ അഞ്ച് മാസത്തെ ചികിത്സകള്‍ക്കൊടുവില്‍ 2020 മെയ് 22-ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

ജോയലിന്റെ പിതാവ് ജോയ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍, ഈ മാസം 29-ന് ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണം. ജോയലിനെ ഇല്ലാതാക്കിയതിന് പിന്നിലെ സി.പി.എം. നേതാക്കളെ വെളിച്ചത്ത് കൊണ്ടുവരിക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കുടുംബം വ്യക്തമാക്കി.