പി.പി. തങ്കച്ചന്റെ നിര്യാണം: മഹിളാ കോണ്‍ഗ്രസ് സാഹസ് സംസ്ഥാന യാത്ര കൊല്ലത്ത് നിര്‍ത്തിവെച്ചു

Jaihind News Bureau
Friday, September 12, 2025

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.പി. തങ്കച്ചന്റെ നിര്യാണത്തെ തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് സാഹസ് സംസ്ഥാന യാത്ര കൊല്ലം ജില്ലയിലെ പര്യടനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസം കൊല്ലം നഗരമേഖലയില്‍ പര്യടനം തുടരുന്നതിനിടയിലാണ് പി.പി. തങ്കച്ചന്റെ വിയോഗവാര്‍ത്ത എത്തിയത്.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം.പി. നയിക്കുന്ന യാത്രക്ക് കൊല്ലം ജില്ലയില്‍ വലിയ വരവേല്‍പ്പ് ലഭിച്ചിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി യാത്രയുടെ എല്ലാ പരിപാടികളും നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഔദ്യോഗിക ദുഃഖാചരണത്തിന് ശേഷം യാത്ര കൊല്ലം ജില്ലയില്‍ വീണ്ടും പുനരാരംഭിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് അറിയിച്ചു.

മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.പി. തങ്കച്ചന്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 4.30ന് ആയിരുന്നു അന്ത്യം. കെപിസിസി മുന്‍ പ്രസിഡന്റ്, മുന്‍ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991 മുതല്‍ 95 വരെ സ്പീക്കറായിരുന്നു. 95ല്‍ ആന്റണി മന്ത്രിസഭയില്‍ കൃഷി മന്ത്രിയായി പ്രവര്‍ത്തിച്ചു. 1982 മുതല്‍ 1996 വരെ പെരുമ്പാവൂര്‍ എംഎല്‍എ ആയിരുന്നു. കെ കരുണാകരന്റെ അടുത്ത അനുയായി ആയിരുന്നു.