മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ സ്ത്രീ പീഡന കേസില്‍ കുരുക്കിയതിന് പിന്നില്‍ സിപിഎം ഗൂഢാലോചനയെന്ന് വെളിപ്പെടുത്തല്‍. പാര്‍ട്ടിക്ക് താല്‍പര്യമുള്ള അഴിമതിക്കാരനായ വ്യവസായിക്കു വേണ്ടി ഘടകകക്ഷി മന്ത്രിയായ നീലനെ പെണ്ണുകേസില്‍ കുരുക്കി ഒഴിവാക്കി എന്ന അതീവഗുരുതരമായ ആരോപണമാണ് കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ പുറത്തു വരുന്നത്. സിപിഎം താല്‍പര്യത്തിന് വഴങ്ങാതിരുന്നതിന് നീലന് കിട്ടിയ ശിക്ഷയായിരുന്നു ഇതെന്ന് നായനാരുടെ സെക്രട്ടറിയായിരുന്ന മുരളീധരന്‍ നായര്‍ മരണത്തിന് മുന്‍പ് വെളിപ്പെടുത്തിയിരുന്നു എന്നാണ് ലേഖനം തുറന്നുകാട്ടുന്നത്.
1999-ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയിലെ വനം-ഗതാഗത മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാരെ ലൈംഗിക പീഡന കേസില്‍ കുടുക്കിയത് സിപിഎമ്മിന്റെ ആസൂത്രിത നീക്കമായിരുന്നു എന്ന വെളിപ്പെടുത്തലാണ് കലാകൗമുദി ലേഖനത്തിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇ കെ നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുരളീധരന്‍ നായര്‍ ഇക്കാര്യം കേരളകൗമുദിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന ബി സി ജോജോയോട് മരണത്തിന് മുന്‍പ് വെളിപ്പെടുത്തിയിരുന്നുവെന്നാണ് ലേഖനമെഴുതിയ എസ് ജഗദീഷ് ബാബു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറിയും അന്നത്തെ ഗതാഗത സെക്രട്ടറിയുമായിരുന്ന നളിനി നെറ്റോയെ ഓഫീസ് മുറിയില്‍ വെച്ച് മന്ത്രിയായിരിക്കേ നീലന്‍ കടന്നുപിടിച്ചു എന്നായിരുന്നു പരാതി. ആരോപണത്തിന്റെ പേരില്‍ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നിരുന്നു. രാജിക്കു പിന്നില്‍ സിപിഎം ഒരുക്കിയ കെണിയായിരുന്നുവെന്നാണ് മുരളീധരന്‍ നായരുടെ തുറന്ന് പറച്ചില്‍. രോഗശയ്യയില്‍ കിടക്കുമ്പോഴായിരുന്നു ഈ രാഷ്ട്രീയ ഗൂഢാലോചനയെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത് എന്നാണ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
മലപ്പുറംകാരനായ ഒരു വ്യവസായി നടത്തിയ മരം കൊള്ളയുടെ കേസായിരുന്നു ഇതിന് പിന്നിലെന്നാണ് വെളിപ്പെടുത്തല്‍. കേസ് അവസാനിപ്പിക്കുവാന്‍ മുഖ്യമന്ത്രി നായനാര്‍ വനം മന്ത്രി നീലനോട് ആവശ്യപ്പെട്ടെങ്കിലും, ഇക്കാര്യം മുഖ്യമന്ത്രി എഴുതി നല്‍കണമെന്ന നിലപാട് നീലന്‍ സ്വീകരിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. ഇക്കാര്യം അന്ന് എല്‍ഡിഎഫ് കണ്‍വീനറായിരുന്ന വി എസ് അച്യുതാനന്ദനെ നീലന്‍ ധരിപ്പിച്ചിരുന്നതായാണ് വെളിപ്പെടുത്തല്‍. അഴിമതി ഉണ്ടെങ്കില്‍ അത് അനുസരിക്കേണ്ട എന്ന് പറഞ്ഞു വിഎസ് പിന്‍ബലമേകിയതോടെയാണ് നീലലോഹിതദാസ് ഉറച്ച നിലപാട് കൈക്കൊണ്ടത് എന്നാണ് ലേഖനത്തില്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ അനന്തരഫലമായിരുന്നു ആരോപണമെന്നാണ് മുരളീധരന്‍ നായര്‍ രോഗശയ്യയില്‍ കിടന്നു കൊണ്ട് ജോജോയോട് നടത്തിയ ഏറ്റുപറച്ചിലില്‍ വ്യക്തമാക്കുന്നതെന്നാണ് ലേഖനത്തില്‍ വിവരിക്കുന്നത്. സ്ത്രീകളെ മുന്‍നിര്‍ത്തി എക്കാലവും രാഷ്ട്രീയ എതിരാളികളെ നേരിടുന്ന സിപിഎം തന്ത്രത്തിന്റെ ഭാഗമായിരുന്നു നീലനെതിരെയുള്ള ആരോപണമെന്നാണ് ലേഖനത്തില്‍ ജഗദീഷ് ബാബു എടുത്തു കാട്ടുന്നത്.
ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന ഇ കെ നായനാര്‍, മുരളീധരന്‍ നായര്‍, ബി സി ജോജോ, വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ ലോകത്തോട് വിട പറഞ്ഞ സാഹചര്യത്തില്‍ നീലനും നളിനി നെറ്റോയുമാണ് ഇനി ഈ ആരോപണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തേണ്ടത്. സ്ത്രീകളെ മുന്‍നിര്‍ത്തിയുള്ള പകപോക്കല്‍ രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വേളയിലാണ് സിപിഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ലേഖനം പുറത്തിറങ്ങിയിരിക്കുന്നത്.