ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മൂന്ന് വര്‍ഷം മുമ്പ് തിരഞ്ഞെടുപ്പ് പട്ടികയില്‍ പേര് ചേര്‍ത്തുവെന്ന് ആരോപിച്ച് സോണിയ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി ഡല്‍ഹി കോടതി തള്ളി. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വൈഭവ് ചൗരസ്യയാണ് ഹര്‍ജി തള്ളിയത്. വിശദമായ ഉത്തരവ് പുറത്തിറക്കിയിട്ടില്ല.
സോണിയ ഗാന്ധിക്ക് 1983-ലാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചതെന്നും എന്നാല്‍ അവരുടെ പേര് 1980-ലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നുവെന്നും ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 175 (4) പ്രകാരമാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ‘വ്യാജരേഖ ചമയ്ക്കലും’ പൊതു അധികാരസ്ഥാപനത്തെ ‘വഞ്ചിക്കലും’ നടന്നുവെന്ന് അദ്ദേഹം വാദിച്ചു. ‘ഉചിതമായ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുക എന്നതായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. ഹര്‍ജി തള്ളുകയായിരുന്നു.