P P Thankachan | മുന്‍ കെ പിസിസി അദ്ധ്യക്ഷന്‍ പി പി തങ്കച്ചന്‍ അന്തരിച്ചു

Jaihind News Bureau
Thursday, September 11, 2025

മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.പി. തങ്കച്ചന് ആദരാഞ്ജലികള്‍. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം 4.30ന് ആയിരുന്നു അന്ത്യം. കെപിസിസി മുന്‍ പ്രസിഡന്റ്, മുന്‍ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991 മുതല്‍ 95 വരെ സ്പീക്കറായിരുന്നു. 95ല്‍ ആന്റണി മന്ത്രിസഭയില്‍ കൃഷി മന്ത്രിയായി പ്രവര്‍ത്തിച്ചു. 1982 മുതല്‍ 1996 വരെ പെരുമ്പാവൂര്‍ എംഎല്‍എ ആയിരുന്നു. കെ കരുണാകരന്റെ അടുത്ത അനുയായി ആയിരുന്നു.

രാഷ്ട്രീയ ജീവിതത്തില്‍ നിരവധി സുപ്രധാന പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1995 മെയ് 3 മുതല്‍ 1996 മെയ് 9 വരെ കൃഷി മന്ത്രിയായി സേവനമനുഷ്ഠിച്ചു. പ്രതിപക്ഷ ചീഫ് വിപ്പ്, കോണ്‍ഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി , പെരുമ്പാവൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍, എറണാകുളം ഡി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് കണ്‍വീനര്‍, റബ്ബര്‍ ബോര്‍ഡ് അംഗം, കെ.പി.സി.സി വൈസ് പ്രസിഡന്റ് (2001-04), കെ.പി.സി.സി പ്രസിഡന്റ് (2004), കേരള മാര്‍ക്കറ്റ്‌ഫെഡ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

1939 ജൂലൈ 29-ന് ജനിച്ച പി.പി. തങ്കച്ചന്‍, ബി.എല്‍ ബിരുദധാരിയും പൊതുഭരണത്തില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. അഭിഭാഷകന്‍ കൂടിയായിരുന്ന അദ്ദേഹം, റവ. ഫാ. പൗലോസിന്റെ മകനാണ്. ടി.വി. തങ്കമ്മയാണ് ഭാര്യ. ഒരു മകനും രണ്ട് പെണ്‍മക്കളുമുണ്ട്.