മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം.കെ.മുനീറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുകയും തുടര്‍ന്ന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.
വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിരീക്ഷണത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ഇപ്പോള്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുത്തതിന് ശേഷമാണ് മുനീറിന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്.