കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ 47 വയസ്സുള്ള ഷാജിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ആറാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ സ്ഥിരീകരിക്കുന്നു. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഈ വര്‍ഷം രണ്ട് മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 12 പേരുടെ മരണം അമീബിക് മസ്തിഷ്‌കജ്വരം മൂലമാണോ എന്ന് സംശയിക്കുന്നതായും അധികൃതര്‍ പറയുന്നു.
ഈ മാസമാദ്യം മലപ്പുറം വണ്ടൂര്‍ സ്വദേശി ശോഭന (56) അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ശോഭനയ്ക്ക് രോഗം സ്ഥിരീകരിച്ചത്.
കാലാവസ്ഥാ വ്യതിയാനവും പരിശോധനകള്‍ വര്‍ധിച്ചതും അമീബിക് മസ്തിഷ്‌കജ്വരം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ചൂട് വര്‍ധിച്ചത് രോഗം പരത്തുന്ന അമീബയുടെ സാന്നിധ്യം കൂട്ടാന്‍ ഇടയാക്കി. സമാനമായ ലക്ഷണങ്ങളുള്ള എല്ലാ കേസുകളിലും അമീബിക് മസ്തിഷ്‌കജ്വരത്തിനുള്ള പരിശോധന നടത്തുന്നത് കൂടുതല്‍ കേസുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.