ദോഹ: ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തറിലെത്തി. ഖത്തറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് യുഎഇ പ്രസിഡന്റിന്റെ സന്ദര്‍ശനം.
ഖത്തറിന്റെ പരമാധികാരം, സുരക്ഷ, അഖണ്ഡത, ജനങ്ങളുടെ സുരക്ഷ എന്നിവ സംരക്ഷിക്കാന്‍ ഖത്തര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും യുഎഇയുടെ ഉറച്ച പിന്തുണയുണ്ടാകുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. എല്ലാ രാജ്യാന്തര നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും എതിരാണ് ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.ഇ പ്രതിരോധമന്ത്രി, ആഭ്യന്തരമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരടക്കമുള്ള ഉന്നതസംഘവും അദ്ദേഹത്തെ അനുഗമിച്ചു. സ്‌ഫോടന പരമ്പര നടന്ന് 24 മണിക്കൂറിനകമാണ് യുഎഇ പ്രസിഡന്റ് ഖത്തറിലെത്തിയത്. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യാഴാഴ്ച ദോഹയിലെത്തും.
ദോഹയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആറു പേരാണ് കൊല്ലപ്പെട്ടത്. ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയിലെ ഓഫിസറും ഹമാസ് അംഗങ്ങളും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഹമാസിന്റെ ഗാസയിലെ മുന്‍ തലവന്‍ ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഹമ്മാമും, ഹമാസിന്റെ മറ്റു നാല് സുരക്ഷാ ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് ഖത്തര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ആക്രമണത്തില്‍ പരുക്കേറ്റവരില്‍ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. പരുക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.