Kunnamkulam custody case| കുന്നംകുളം മര്‍ദനക്കേസ്: സുജിത്തിന് സ്വര്‍ണ്ണമാല സമ്മാനം നല്‍കി ഡിസിസി അദ്ധ്യക്ഷന്‍ , നിയമപോരാട്ടത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് പാര്‍ട്ടിയില്‍ പ്രൊമോഷന്‍

Jaihind News Bureau
Wednesday, September 10, 2025

തൃശ്ശൂര്‍: കുന്നംകുളത്ത് പോലീസ് മര്‍ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സ്വന്തം സ്വര്‍ണമാല നല്‍കി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. സുജിത്തിന്റെ നിയമപോരാട്ടത്തിന് പിന്തുണ നല്‍കിയ പ്രവര്‍ത്തകന് പാര്‍ട്ടിയില്‍ പ്രൊമോഷന്‍ നല്‍കിയും കോണ്‍ഗ്രസ് മാതൃകയാവുന്നു. കസ്റ്റഡി മര്‍ദനത്തിനെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധങ്ങളുടെ ഭാഗമായി കുന്നംകുളം പോലീസ് സ്റ്റേഷന് മുന്നില്‍ നടന്ന പ്രതിഷേധ സദസ്സില്‍ വെച്ചായിരുന്നു ഈ പ്രഖ്യാപനങ്ങള്‍.

പോലീസ് മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സുജിത്തിന്റെ വിഷയം സംസ്ഥാനത്ത് ചര്‍ച്ചയായത്. ഈ ദൃശ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ നിയമപരമായി പോരാടിയ യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന വി.എസ്. സുജിത്തിന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് തന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാല സമ്മാനിച്ചു. വരുന്ന 15-ന് സുജിത്തിന്റെ വിവാഹം നടക്കാനിരിക്കെയാണ് ഈ സ്‌നേഹോപഹാരം. കഴിഞ്ഞ ദിവസം സുജിത്തിനെ സന്ദര്‍ശിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സുജിത്തിന് സ്വര്‍ണ്ണമോതിരം സമ്മാനിച്ചിരുന്നു.

സുജിത്തിന് വേണ്ടി നിയമവഴിയില്‍ അവസാനം വരെ നിലകൊണ്ട കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വര്‍ഗീസ് ചൊവ്വന്നൂരിന് പാര്‍ട്ടിയില്‍ പ്രൊമോഷന്‍ നല്‍കി. വര്‍ഗീസിനെ ഡിസിസി എക്‌സിക്യൂട്ടീവ് അംഗമായി പ്രൊമോട്ട് ചെയ്തതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കുന്നംകുളത്തെ ജനകീയ പ്രതിഷേധ സദസ്സില്‍ പ്രഖ്യാപിച്ചു. നേരത്തെ, സുജിത്തിന്റെ വീട്ടിലെത്തിയപ്പോള്‍ കെ.സി. വേണുഗോപാലിന് പാര്‍ട്ടിയില്‍ പ്രൊമോഷന്‍ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. പോലീസ് മര്‍ദിച്ച നാല് ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആവശ്യം. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിലും പ്രതിഷേധ സദസ്സുകള്‍ നടന്നു. കുന്നംകുളം പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംസ്ഥാനതല ഉദ്ഘാടനം. മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതിലും മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാത്തതിലും ശക്തമായ പ്രതിഷേധമുണ്ട്.