രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒക്ടോബറോടെ വോട്ടര്‍ പട്ടികയുടെ പ്രത്യേക പുതുക്കല്‍ നടപടികള്‍ ആരംഭിക്കുമെന്ന് സൂചന. ഇതിനായുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ (CEO) യോഗം ചേര്‍ന്നു. ഈ നിര്‍ദ്ദേശത്തിന് യോഗത്തില്‍ പൊതുവേ അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നാണ് വിവരം. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ സമാനമായ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്തിടെ നടത്തിയിരുന്നു. ഈ പ്രക്രിയ ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പരിശോധന (Special Intensive Revision – SIR) പ്രഖ്യാപനം ബിഹാര്‍ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഉണ്ടാകുമെന്നാണ് സൂചന. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ചാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ നീ്ക്കം. നിലവിലുളള പട്ടിക അബദ്ധങ്ങള്‍ നിറഞ്ഞതാണെന്ന സമ്മതം കൂടിയാണിത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായി നടന്ന കോണ്‍ഫറന്‍സ് കം വര്‍ക്ക്ഷോപ്പില്‍, പുതുക്കലിനായി എത്ര വേഗത്തില്‍ തയ്യാറാകാന്‍ കഴിയുമെന്നാണ് ആരാഞ്ഞത്. ഭൂരിഭാഗം ഉദ്യോഗസ്ഥരും സെപ്റ്റംബറോടെ അടിസ്ഥാനപരമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുമെന്നും ഒക്ടോബറില്‍ പദ്ധതിക്ക് തുടക്കമിടാമെന്നും കമ്മീഷന് ഉറപ്പ് നല്‍കി.
മൂന്നര മണിക്കൂറിലധികം നീണ്ട അവതരണങ്ങളടക്കം ഉള്‍പ്പെട്ട ഏകദിന യോഗം, SIRനുള്ള തയ്യാറെടുപ്പുകളിലും പ്രവര്‍ത്തനപരമായ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പുതുക്കല്‍ വേളയില്‍ വോട്ടര്‍മാരെ പരിശോധിക്കാന്‍ ഉപയോഗിക്കാവുന്ന രേഖകളുടെ ഒരു പട്ടിക തയ്യാറാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന CEO മാരോട് നിര്‍ദ്ദേശിച്ചു. പ്രാദേശികമായി അംഗീകരിക്കപ്പെട്ടതും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ സര്‍ട്ടിഫിക്കറ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും ഇത്, ഓരോ പ്രദേശത്തും ഇത് വ്യത്യസ്തമായിരിക്കും.പരിശോധനാ പ്രക്രിയ അന്തിമമാക്കുമ്പോള്‍ ഈ വ്യത്യാസങ്ങള്‍ കണക്കിലെടുക്കാന്‍ സംസ്ഥാനങ്ങളോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മരിച്ചവരുടെ പേരുകള്‍, സ്ഥിരമായി താമസം മാറിയവര്‍, ഇരട്ട എന്‍ട്രികള്‍, അല്ലെങ്കില്‍ പൗരന്മാരല്ലാത്തവര്‍ എന്നിവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി അത് ശുദ്ധീകരിക്കുകയും, യോഗ്യരായ എല്ലാ വോട്ടര്‍മാരെയും ഉള്‍പ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുകയുമാണ് പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കലിന്റെ പ്രധാന ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.