Mathew C R | ജയ്ഹിന്ദ് ടിവി ന്യൂസ് ഇന്‍ചാര്‍ജ് മാത്യു സി.ആറിന് മാദ്ധ്യമ ലോകവും രാഷ്ട്രീയ കേരളവും വിട ചൊല്ലി; സംസ്‌ക്കാരം നാളെ 11 മണിക്ക്

Jaihind News Bureau
Wednesday, September 10, 2025

തിരുവനന്തപുരം:  അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജയ്ഹിന്ദ് ടിവി ന്യൂസ് ഇന്‍ചാര്‍ജുമായ മാത്യു സി.ആറിന് മാദ്ധ്യമ ലോകവും രാഷ്ട്രീയ കേരളവും അന്ത്യാഞ്ജലി അര്‍പ്പിച്ചു.തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ , എം എം ഹസ്സന്‍, ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ജയ്ഹിന്ദ് ടിവി ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷം രണ്ടു മണിയോടെയാണ് മാത്യുവിന്റെ ഭൗതികശരീരം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വച്ചത്.  വലിയ സൗഹൃദബന്ധങ്ങള്‍ക്ക് ഉടമയായിരുന്ന മാത്യു സി ആറിന് മാധ്യമലോകം ഒന്നടങ്കം അന്ത്യഞ്ജലി അര്‍പ്പിക്കുവാന്‍ എത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസ് ക്ലബ്ബില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയകാലത്തു പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടം മുതല്‍ പരിചിതനായ വ്യക്തിയായിരുന്നു മാത്യു സി ആര്‍ എന്ന് പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിനും ആശയപ്രചാരണത്തിനും വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും മാത്യു സി ആറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണും മാത്യുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ ഒട്ടനവധി പ്രമുഖരും മാത്യുവിനെ അന്ധ്യാഞ്ജലി അര്‍പ്പിക്കുവാന്‍ പ്രസ് ക്ലബ്ബില്‍ എത്തിയിരുന്നു.തുടര്‍ന്ന് മൃതദേഹം മുളവന യിലെ മാത്യുവിന്റെ വസതിയിലേക്ക് കൊണ്ടുവന്നു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് പാറ്റൂര്‍ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.