Vedan arrested| ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍; വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയക്കും

Jaihind News Bureau
Wednesday, September 10, 2025

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യലിന് ശേഷമാണ് തൃക്കാക്കര പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവ ഡോക്ടറായ യുവതി നല്‍കിയ പരാതിയിലാണ് നടപടി. വിവാഹ വാഗ്ദാനം നല്‍കി അഞ്ച് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനു പുറമെ, വേടന്‍ യുവതിയില്‍ നിന്ന് 31,000 രൂപ കൈപ്പറ്റിയതായും പരാതിയിലുണ്ട്.

കേസില്‍ വേടന് നേരത്തെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെയും രണ്ട് ആള്‍ ജാമ്യത്തിന്റെയും വ്യവസ്ഥയിലാണ് ജാമ്യം നല്‍കിയിരുന്നത്. അറസ്റ്റിന് ശേഷം വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം വേടനെ ഉടന്‍ വിട്ടയക്കും.