Nepal Gen Z Protest| നേപ്പാളില്‍ ‘ജെന്‍ സി’ സംഘര്‍ഷം തുടരുന്നു; മരണം 22 ആയി; 900 തടവുകാര്‍ രക്ഷപ്പെട്ടു

Jaihind News Bureau
Wednesday, September 10, 2025

നേപ്പാളിലെ ‘ജെന്‍ സി’ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയതായി റിപ്പോര്‍ട്ട്. സംഘര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭകാരികള്‍ ജയിലുകള്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് 900 തടവുകാര്‍ രക്ഷപ്പെട്ടു. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതിനെ തുടര്‍ന്ന് രാജ്യത്തിന്റെ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തു. പ്രക്ഷോഭകാരികളായ യുവജനങ്ങളോട് സമാധാനം പാലിക്കാനും, സമരം അവസാനിപ്പിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറാകാനും സേനാ മേധാവി ജനറല്‍ അശോക് രാജ് സിംഗ്ദേല്‍ ആവശ്യപ്പെട്ടു. ദേശീയ പൈതൃകവും പൊതു-സ്വകാര്യ സ്വത്തുക്കളും സംരക്ഷിക്കുന്നത് നമ്മുടെ പൊതു കടമയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധങ്ങളുടെ മറവില്‍ കൊള്ളയും കൊള്ളിവെപ്പും നടത്തുന്നതിനെതിരെ സൈന്യം ശക്തമായ താക്കീത് നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് സേനാ മേധാവി മുന്നറിയിപ്പ് നല്‍കി. ഇതിനിടെ കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുക്കുകയും, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.

നേപ്പാളിലെ തെരുവുകളില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പലയിടത്തും സൈന്യവും പൊലീസും പ്രക്ഷോഭകാരികളും തമ്മില്‍ ഏറ്റുമുട്ടി. സമാധാനത്തിലേക്ക് മടങ്ങിയെത്താന്‍ ലോകരാജ്യങ്ങള്‍ ആഹ്വാനം ചെയ്തു. ചില രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് നേപ്പാളിലേക്കുള്ള യാത്രക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ, നേപ്പാളില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. കാഠ്മണ്ഡു മേയറായ 35-കാരന്‍ ബാലേന്ദ്ര ഷാ പ്രധാനമന്ത്രിയാകണമെന്ന് പ്രക്ഷോഭകാരികള്‍ നിര്‍ദേശം മുന്നോട്ടുവെച്ചതായും സൂചനയുണ്ട്.