Donald Trump| ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ തുടരും; മോദിയുമായി സംസാരിക്കുമെന്ന് ട്രംപ്

Jaihind News Bureau
Wednesday, September 10, 2025

PM Narendra Modi-Donald Trump

 

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈകാതെ സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന വ്യാപാര തര്‍ക്കങ്ങള്‍ക്കിടയിലാണ് ട്രംപിന്റെ ഈ പ്രസ്താവന.

നേരത്തെ, ഇന്ത്യയെ ‘വ്യാപാര രാജാവ്’ എന്ന് വിശേഷിപ്പിക്കുകയും യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. കൂടാതെ, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം അധിക തീരുവ ചുമത്തുകയും ചെയ്തിരുന്നു.

ഇന്ത്യ, യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് പൂജ്യം താരിഫ് ഏര്‍പ്പെടുത്താമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അത് വൈകിപ്പോയെന്നും ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ നിലവിലെ ട്രംപിന്റെ പ്രസ്താവന കൂടുതല്‍ സൗഹാര്‍ദ്ദപരമാണ്. ‘എന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്,’ ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. ‘നമ്മുടെ മഹത്തായ രണ്ട് രാജ്യങ്ങള്‍ക്കും വിജയകരമായ ഒരു നിഗമനത്തില്‍ എത്താന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ ഈ പുതിയ നിലപാടിന് പിന്നില്‍ നിരവധി ഘടകങ്ങളുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ചൈനയില്‍ അടുത്തിടെ നടന്ന ഒരു ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി നടത്തിയ കൂടിക്കാഴ്ച ട്രംപിന് ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും, ഇത് ഇന്ത്യയെ കൂടുതല്‍ ചൈനയോട് അടുപ്പിച്ചേക്കാമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനുപുറമെ, അമേരിക്കയുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ താരിഫ് കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്തതും ചര്‍ച്ചകള്‍ക്ക് വഴി തുറന്നേക്കാം.