ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെട്ടു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഹമാസിന്റെ അഞ്ച് അംഗങ്ങളും ഒരു ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടെ ആറ് പേരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്ലപ്പെട്ടവരില്‍ ഹമാസ് നേതാവ് ഖാലിദ് അല്‍-ഹയ്യയുടെ മകനായ ഹുമാം അല്‍-ഹയ്യയും, അദ്ദേഹത്തിന്റെ ഓഫീസ് ഡയറക്ടര്‍ ജിഹാദ് ലബാദും ഉള്‍പ്പെടുന്നു. എന്നാല്‍, കെട്ടിടത്തിലുണ്ടായിരുന്ന ഹമാസിന്റെ ഉന്നത നേതൃത്വം ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. തിങ്കളാഴ്ച ജറുസലേമില്‍ ആറ് ഇസ്രായേലികള്‍ കൊല്ലപ്പെട്ട വെടിവയ്പ്പിനുള്ള പ്രതികാരമായാണ് ഈ ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഇത് ഒരു സ്വതന്ത്ര ഓപ്പറേഷനാണെന്നും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേലിന്റെ ഈ നടപടിയെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഖത്തറിന്റെ പരമാധികാരത്തിന് നേരെയുണ്ടായ നഗ്നമായ ലംഘനമാണിതെന്നും, ഇത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. ജിസിസി രാജ്യങ്ങളായ സൗദി അറേബ്യയും യു.എ.ഇയും അടക്കമുള്ള രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ആക്രമണത്തെ അപലപിച്ചു. ഈ സംഭവം മേഖലയിലെ സമാധാന ശ്രമങ്ങളെ തകര്‍ക്കുമെന്ന ആശങ്കയും ഉയര്‍ത്തിയിട്ടുണ്ട്.