‘കുടുംബാംഗത്തെപ്പോലെ അടുപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍’: സി.ആര്‍ മാത്യുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് വി.ഡി. സതീശന്‍

Jaihind News Bureau
Tuesday, September 9, 2025

ജയ്ഹിന്ദ് ടി.വി സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്ന സി.ആര്‍ മാത്യുവിന്റെ ആകസ്മിക വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അനുശോചനം രേഖപ്പെടുത്തി. വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

മാധ്യമപ്രവര്‍ത്തകനാകുന്നതിനു മുന്‍പ് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ കെ.എസ്.യു നേതാവായാണ് മാത്യുവിനെ പരിചയപ്പെട്ടതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ആരെയും ചോദ്യം ചെയ്യാന്‍ മടിക്കാത്ത കെ.എസ്.യു നേതാവായിരുന്നു മാത്യു. താന്‍ എം.എല്‍.എ ആയപ്പോഴും പിന്നീട് പ്രതിപക്ഷ നേതാവായപ്പോഴും മാത്യു തന്നെ കാണാന്‍ വരുമായിരുന്നു. തങ്ങളുടെ സൗഹൃദം ആത്മബന്ധമായി വളര്‍ന്നുവെന്നും സതീശന്‍ അനുസ്മരിച്ചു.

അടുത്തിടെ ബൈക്ക് അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുമ്പോഴും മാത്യുവുമായി ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട് അമ്മയുടെ അസുഖവിവരം അന്വേഷിച്ചും വിളിച്ചിരുന്നു. കുടുംബാംഗത്തെ പോലെ തന്നോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന സഹപ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സി.ആര്‍ മാത്യുവിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി.ഡി. സതീശന്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.