മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജയ്ഹിന്ദ് ടി വി ന്യൂസ് ഇന്‍ ചാര്‍ജുമായ സി ആര്‍ മാത്യുവിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു

Jaihind News Bureau
Tuesday, September 9, 2025

ജയ്ഹിന്ദ് ടിവി സീനിയര്‍ ന്യൂസ് എഡിറ്ററും ന്യൂസ് ഇന്‍ ചാര്‍ജുമായിരുന്ന സി.ആര്‍ മാത്യുവിന്റെ ആകസ്മിക വിയോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല അനുശോചിച്ചു. മാധ്യമരംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള മാത്യുവിന്റെ വേര്‍പാട് മാധ്യമലോകത്തിന് വലിയ നഷ്ടമാണെന്ന് ചെന്നിത്തല പറഞ്ഞു.

വീക്ഷണം ദിനപത്രത്തിന്റെ ലേഖകനായി തലസ്ഥാനത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് അദ്ദേഹം ദൃക്‌സാക്ഷിയായി. തുടര്‍ന്ന്, ദൃശ്യമാധ്യമരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം എ.സി.വി, സൂര്യ ടിവി തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തെ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി.

മാത്യുവിന്റെ വിയോഗം ജയ്ഹിന്ദ് ടിവിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.