ക്രിമിനല്‍ കേസില്‍ നേരിട്ട് മുന്‍കൂര്‍ ജാമ്യം: കേരള ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച് സുപ്രീം കോടതി

Jaihind News Bureau
Monday, September 8, 2025

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ സെഷന്‍സ് കോടതിയെ സമീപിക്കാതെ നേരിട്ട് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച് സുപ്രീം കോടതി. ക്രിമിനല്‍ കേസുകളിലെ വസ്തുതകള്‍ അറിയാവുന്നത് സെഷന്‍സ് കോടതിയിലാണ്. പലപ്പോഴും ഹൈക്കോടതികള്‍ക്ക് കേസുകളുടെ പൂര്‍ണ്ണമായ വസ്തുത അറിയണമെന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കേരളാ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ച മുഹമ്മദ് റസലിന്റെ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ബിഎന്‍എസ്എസിന്റെ 482-ാം വകുപ്പ് പ്രകാരം നേരിട്ട് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന പ്രവണത കേരള ഹൈക്കോടതിയില്‍ മാത്രമാണ്. രാജ്യത്തെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി നിലനില്‍ക്കുന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി ഇല്ലെന്നും സുപ്രീംകോടതി പറഞ്ഞു.

സ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേരള ഹൈക്കോടതി നടപടിയെ വിമര്‍ശിച്ചത്. പലപ്പോഴും ഹൈക്കോടതികള്‍ക്ക് കേസുകളുടെ പൂര്‍ണ്ണമായ വസ്തുത അറിയണമെന്നില്ലെന്നും ക്രിമിനല്‍ കേസുകളിലെ വസ്തുതകള്‍ അറിയാവുന്നത് സെഷന്‍സ് കോടതിയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം വിചാരണ കോടതിയെ സമീപിക്കാതെ നേരിട്ട് ഫയല്‍ ചെയ്യുന്ന ജാമ്യാപേക്ഷകള്‍ ഹൈക്കോടതി പരിഗണിക്കുന്നതില്‍ നിയമപരമായി തെറ്റില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.