പോലീസ് മര്‍ദനമേറ്റ സുജിത്തിനെ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന് സന്ദര്‍ശിച്ചു. സംഭവം അറിഞ്ഞപ്പോള്‍ മനസുകൊണ്ട് തളര്‍ന്നുപോയെന്ന് സുധാകരന് പറഞ്ഞു. മുന്‍പ് എത്രയോ മര്‍ദനം താന്‍ കണ്ടിട്ടുണ്ട്. സുജിത്ത് എങ്ങനെ പിടിച്ചുനിന്നു എന്നതില്‍ അത്ഭുതം തോന്നുന്നു. സുജിത്തിനെ കൈകൊണ്ട് ഇടിക്കുന്നത് ഇപ്പോഴും കണ്മുന്നിലുണ്ടെന്നും കെ സുധാകരന് പറഞ്ഞു.
2023 ഏപ്രില്‍ 5-ന് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനാണ് പോലീസ് ക്രൂരമായ മര്‍ദ്ദനമേറ്റത്. സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടര്‍ന്ന് കാരണം അന്വേഷിക്കാന്‍ ശ്രമിച്ചതാണ് മര്‍ദ്ദനത്തിന് കാരണമായത്. രണ്ടുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ സുജിത്തിന് ലഭിച്ചത്.