ജനമൈത്രി പോലീസിനെ പിണറായി വിജയന് കൊലമൈത്രി പോലീസാക്കിയെന്ന് എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കുന്നംകുളം പോലീസിന്റെ കസ്റ്റഡി മര്‍ദനത്തിന് വിധേയനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ ചൊവ്വന്നൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്ക് അല്പമെങ്കിലും കരുണ ഉണ്ടെങ്കില്‍ ക്രിമിനലുകളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പുറത്താക്കണം. ഇതില്‍ സര്‍ക്കാരിന്റെ നിലപാടെന്താണെന്ന് അറിയണം. വി.എസ്.സുജിത്ത് നമ്മുടെ നാട്ടില്‍ പോലീസിന്റെ നരനായാട്ടിന് വിധേയമായവരുടെ പ്രതീകമാണ്. പോലീസിനെ നരനായാട്ടിന്റെ കാരണക്കാരനാക്കിയ കാരണഭൂതനെന്നായിരിക്കും പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുക. ഇത്രയേറെ മൃഗീയ സംഭവം പുറത്ത് വന്നിട്ടും ഒരക്ഷരം പ്രതികരിക്കാതെ അഭംഗുരം അത് തുടരട്ടെയെന്ന് മൗനാനുവാദം നല്‍കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.