വിജിലന്‍സ് കയ്യോടെ പിടിച്ച എക്‌സൈസ് സിഐയെ രക്ഷിക്കാന്‍ ഭരണപക്ഷ സമ്മര്‍ദ്ദം; എക്‌സൈസ് വകുപ്പിലും സിപിഎം അവതാരങ്ങളുടെ വിളയാട്ടം

Jaihind News Bureau
Sunday, September 7, 2025

തൃശ്ശൂര്‍: എക്‌സൈസിന്റെ ഉന്നത തലങ്ങളില്‍ അണിയറ നീക്കമെന്ന് ആരോപണം. കൈക്കൂലി പണവുമായി കയ്യോടെ പിടികൂടിയ എക്‌സൈസ് ഇന്‍സ്‌പെക്ടറെ രക്ഷിക്കാന്‍ ഭരണകക്ഷി ഇടപെടല്‍. വിജിലന്‍സ് പിടിയിലായ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശങ്കര്‍ ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. ഇയാള്‍ക്കെതിരെ നടപടിയെടുക്കുന്നത് വൈകിപ്പിക്കാനും വിജിലന്‍സ് കേസ് ഒഴിവാക്കാനും തിരുവനന്തപുരത്ത് ഉന്നതതലത്തില്‍ ശ്രമം നടക്കുന്നതായും സൂചനയുണ്ട്.

വിജിലന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ശങ്കര്‍ കുടുങ്ങിയത്. എല്ലാ മാസവും അവസാന ആഴ്ചയില്‍ ലീവിന് തിരുവനന്തപുരത്തുള്ള വീട്ടിലേക്ക് പോകുമ്പോള്‍ എക്‌സൈസ് സര്‍ക്കിളിന് കീഴില്‍ വരുന്ന ബാര്‍ ഉടമകളില്‍ നിന്നും, കള്ള് ഷാപ്പ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും മാസപ്പടിയായി കൈക്കൂലി പണം വാങ്ങി സ്വന്തം കാറില്‍ വീട്ടിലേക്ക് പോകുന്നതായിരുന്നു ഇയാളുടെ രീതി.

വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍, ഉദ്യോഗസ്ഥന്‍ രാവിലെ ഓഫീസിലെത്തിയ ശേഷം സ്വന്തം കാറില്‍ തിരുവനന്തപുരത്തേക്കു പോകുന്ന വഴി പല ബാറുടമകളില്‍ നിന്നും കള്ള് ഷാപ്പ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും കൈക്കൂലി വാങ്ങി യാത്ര തുടരുന്നത് നിരീക്ഷിച്ചു. തുടര്‍ന്ന് ചിറങ്ങര എന്ന സ്ഥലത്ത് വെച്ച് വാഹനം തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 50,640/ രൂപയും 7 കുപ്പി വിദേശ മദ്യവും വിജിലന്‍സ് പിടിച്ചെടുത്തു.

സെപ്റ്റംബര്‍ 2-ന്, ‘ഓപ്പറേഷന്‍ സേഫ് സിപ്പ്’ എന്ന പേരില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് നടത്തിയ സംസ്ഥാനതല പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയും ചില എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ടോയെന്ന് വിജിലന്‍സ് അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് പുതിയ കേസ്.