കർഷക ദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസിന്റെ “പട്ടിണി ഓണം” നിരാഹാര സമരം സമാപിച്ചു. ഓണക്കാലത്ത് കർഷകർ പട്ടിണിയിലായതിന്റെ പ്രതീകമായി പാലക്കാട് ഡിസിസി വൈസ് പ്രസിഡണ്ട് സുമേഷ് അച്ചുതൻ നയിച്ച 48 മണിക്കൂർ നിരാഹാര സമരമാണ് ചിറ്റൂർ അണിക്കോട്ടിൽ സമായിച്ചത്.
ഉത്രാടം, തിരുവോണം ദിവസങ്ങളിലായി നടന്ന നിരാഹാര സമരത്തിന്റെ സമാപന സമ്മേളനത്തിൽ മുൻ എംഎൽഎ കെ. അച്യുതൻ ഇളനീർ നൽകി സമരം അവസാനിപ്പിച്ചു. സമരത്തിൽ സംസാരിച്ച നേതാക്കൾ സർക്കാരിന്റെ ഇരട്ടത്താപ്പാണ് കർഷകരുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ആരോപിച്ചു. കോടികൾ ചെലവഴിച്ച് നവകേരള സദസ്സും നാലാം വാർഷികാഘോഷവും നടത്തിയ സർക്കാർ, കർഷകരുടെ കുടിശ്ശിക തീർക്കാൻ ഒരു രൂപ പോലും ചിലവാക്കിയില്ലെന്ന് സുമേഷ് അച്ചുതൻ പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ നെൽക്കർഷകരുടെ ബാധ്യത പെട്ടെന്ന് തീർപ്പാക്കുമെന്ന് സമാപന സമ്മേളനത്തിൽ സംസാരിച്ച ചാണ്ടി ഉമ്മൻ എംഎൽഎ, വ്യക്തമാക്കി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി കെ.എസ്. തണികാചലം, കർഷകർ കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി ഇ.എം. ബാബു, മുതിർന്ന കോൺഗ്രസ് നേതാവ് ഗോപാലസ്വാമി തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു.