യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് സംസാരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ വകുപ്പില്‍ നടന്ന ഏറ്റവും ഹീനമായ, ക്രൂരമായ സംഭവമാണ് നടന്നത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന വ്യക്തിയെന്ന നിലയ്ക്ക അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ബാധ്യസ്ഥനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വളരെ ക്രൂരമായിട്ടാണ് സുജിത്തിനെ മര്‍ദിച്ചതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം അടൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷമായി അയ്യപ്പ ഭക്തരെയും വിശ്വാസികളെയും സര്‍ക്കാര്‍ കബളിപ്പിക്കുകയാണ്. ശബരിമല വിഷയത്തില്‍ വര്‍ഗ്ഗീയ വാദികള്‍ക്കും വര്‍ഗ്ഗീയ സംഘടനകള്‍ക്കും അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍. ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിന് 2023 ല്‍ പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ വിഷയത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണന്നും. ഇനിയും തെളുവുകള്‍ വരുന്ന മുറക്ക് എങ്ങനെ കേസുമായി മുന്നോട്ടു പോകുമെന്ന് ആലോചിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടൂര്‍ മാരൂര്‍ സെന്റ് മേരീസ് ചര്‍ച്ചില്‍ യൂത്ത് മീറ്റ് ഉദ്്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.