YOUTH CONGRESS| ‘പ്രതികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നു’; കുന്നംകുളത്തെ പൊലീസ് ക്രൂരതയില്‍ തിരുവോണനാളിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിക്കും

Jaihind News Bureau
Friday, September 5, 2025

കുന്നംകുളത്തെ പൊലീസ് ക്രൂരതയില്‍ തിരുവോണനാളിലും പ്രതിഷേധം തുടരും. പ്രതികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് തൃശൂര്‍ ഡിഐജി ഓഫീസിലേക്ക് ഇന്ന് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും.  മര്‍ദനമേറ്റ സുജിത്തിനെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ബുധനാഴ്ച പുറത്ത് വന്നത് . പൊലീസിന്റെ ഭീഷണിയെ ചോദ്യം ചെയ്തതിനാണ് സുജിത്തിനെ മര്‍ദ്ദിച്ചത്. ഷര്‍ട്ട് ഊരിമാറ്റിയ നിലയില്‍ പോലീസ് ജീപ്പിലാണ് സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. അവിടെ വെച്ച് മൂന്നിലധികം പോലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. എസ്.ഐ. നുഹ്‌മാന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.