K.C VENUGOPAL MP| പോലീസിലെ ക്രിമിനലുകളെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം: കെസി വേണുഗോപാല്‍ എംപി

Jaihind News Bureau
Wednesday, September 3, 2025

പോലീസ് സേനയിലെ ക്രിമിനലുകളുടെ നിയന്ത്രിക്കാന്‍ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി തയ്യാറാകണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന് മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്റെ ക്രൂരത വെളിവാക്കുന്നതാണ്. സിപിഎം ക്രിമിനലുകള്‍ക്ക് മുന്നില്‍ മുട്ട് വിറയ്ക്കുന്ന പോലീസുകാരാണ് അനീതി ചോദ്യം ചെയ്ത പൊതുപ്രവര്‍ത്തകന്റെ ദേഹത്ത് മൂന്നാംമുറ പ്രയോഗിച്ചത്. ഇതാണോ പിണറായി സര്‍ക്കാരിന്റെ ജനമൈത്രി പോലീസ് നയം?

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക വൃന്ദവും സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വരെയുള്ളവരും നിയന്ത്രിക്കുന്ന കേരള പൊലീസ് സംവിധാനം ഇങ്ങനെയായില്ലെങ്കിലെ അത്ഭുതമുള്ളു. നീതി നടപ്പാക്കേണ്ട പോലീസാണ് നിരപരാധികളെ മര്‍ദ്ദിച്ചു ജീവച്ഛവമാക്കുന്നത്. ഇത്തരം മനുഷ്യമൃഗങ്ങളെ സംരക്ഷിക്കുന്ന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് പോലീസിലെ ക്രിമിനലുകളെ വളര്‍ത്തുന്നത്.സര്‍ക്കാരിന്റെ ഗുണ്ടകളായി കേരളത്തിലെ പോലീസില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നു. മര്‍ദ്ദനത്തില്‍ കേഴ്വി ശക്തി നഷ്ടപ്പെട്ട സുജിത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ഇനിയും സംരക്ഷിക്കാതെ സര്‍വീസില്‍ നിന്നും പുറത്താക്കാന്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.