VOTER ADHIKAR YATHRA| ബിജെപി നിങ്ങളെ ചവറ്റുകുട്ടയില്‍ തള്ളും; ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് മുന്നറിയിപ്പുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Jaihind News Bureau
Tuesday, September 2, 2025

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്ത്. ഒരു കാലത്ത് സോഷ്യലിസത്തെക്കുറിച്ച് സംസാരിച്ച നിതീഷ് കുമാര്‍ ബിജെപി-ആര്‍എസ്എസ് പക്ഷത്ത് ‘ചവറ്റുകുട്ടയില്‍ തള്ളപ്പെടുന്ന’ അവസ്ഥയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ‘വോട്ട് ചോരി’ (വോട്ട് മോഷണം)യിലൂടെ വിജയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു. ബിഹാറിലെ ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ‘ഇരട്ട എഞ്ചിന്‍’ സര്‍ക്കാര്‍ പുറത്താകുമെന്നും ദരിദ്രരുടെയും പിന്നോക്കക്കാരുടെയും ദളിതരുടെയും ഒരു പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ബിഹാര്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഖാര്‍ഗെ പറഞ്ഞു, ‘ഒരുകാലത്ത് അദ്ദേഹം രാം മനോഹര്‍ ലോഹിയയെയും ജോര്‍ജ് ഫെര്‍ണാണ്ടസിനെയും മറ്റുള്ളവരെയും പ്രശംസിച്ച് നടന്നിരുന്നു. ആ സോഷ്യലിസ്റ്റ് ആശയങ്ങള്‍ എവിടെപ്പോയി? ഈ ബിജെപി-ആര്‍എസ്എസ് നിങ്ങളെ ചവറ്റുകുട്ടയില്‍ തള്ളും.’

രാഹുല്‍ഗാന്ധി നയിച്ച വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപനസമ്മളത്തിലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഈ വിമര്‍ശനം നടത്തിയത്. രാഹുലും തേജസ്വിയും കൂടാതെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ശിവസേന എംപി സഞ്ജയ് റാവത്ത്, ഇടതുപക്ഷ നേതാക്കളായ ആനി രാജ, എം.എ. ബേബി, ദിപങ്കര്‍ ഭട്ടാചാര്യ എന്നിവരും സന്നിഹിതരായിരുന്നു. എല്ലാവരും മാറി മാറി ജനങ്ങളെ അഭിസംബോധന ചെയ്തു.

ബിജെപിയെ തനിക്ക് ‘പേടിയില്ല’ എന്ന് തേജസ്വിയാദവ് പറഞ്ഞു. അയോധ്യ പ്രക്ഷോഭത്തിന്റെ കൊടുമുടിയില്‍, തന്റെ പിതാവും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ലാല്‍ കൃഷ്ണ അദ്വാനിയെ ബിഹാറില്‍ വെച്ച് അറസ്റ്റ് ചെയ്തത് അദ്ദേഹം ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ‘രാഷ്ട്രീയ മലക്കംമറിച്ചിലുകള്‍ അദ്ദേഹത്തിന് ബുദ്ധിഭ്രമം ഉണ്ടാക്കിയിരിക്കുന്നു’ എന്ന് അദ്ദേഹം ആരോപിച്ചു. ‘കുറച്ചുകാലമായി, ആര്‍ജെഡി വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങളാണ് അദ്ദേഹം നടപ്പാക്കുന്നത്. അദ്ദേഹത്തിന് സ്വന്തമായി ഒരു കാഴ്ചപ്പാടില്ല. അദ്ദേഹത്തിന്റെ സര്‍ക്കാരിനെ പുറത്താക്കണം,’ യാദവ് പറഞ്ഞു.

ചില കുതന്ത്രശാലികളായ ആളുകള്‍ 2014-ല്‍ അധികാരത്തില്‍ വരികയും അതിനുശേഷം അവര്‍ രാജ്യത്തെ തകര്‍ക്കുകയാണെന്നും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആരോപിച്ചു. ‘ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് എന്നെ എങ്ങനെയാണ് ജയിലിലടച്ചതെന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. മാസങ്ങള്‍ക്ക് ശേഷം, ഞാന്‍ പുറത്തിറങ്ങിയപ്പോള്‍, ഞങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ പരാജയപ്പെടുത്തി,’ അദ്ദേഹം പറഞ്ഞു.

സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും സിപിഐ നേതാവ് ആനി രാജയും ശിവസേനയുടെ സഞ്ജയ് റാവത്ത് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.