ഭവന സന്ദര്‍ശന പരിപാടിക്ക് ജനങ്ങളില്‍നിന്ന് മികച്ച പ്രതികരണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ വികാരം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Tuesday, September 2, 2025

 

പേരാവൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും സംസ്ഥാനത്തുടനീളം നടത്തുന്ന ഭവന സന്ദര്‍ശന പരിപാടിക്ക് ജനങ്ങളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ വികാരം ജനങ്ങള്‍ പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു. ഭവന സന്ദര്‍ശനത്തിന്റെ അഞ്ചാം ദിവസമായ ഇന്ന്, പേരാവൂര്‍ നിയോജക മണ്ഡലത്തിലെ അയ്യന്‍കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരിയിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.

കരിക്കോട്ടക്കരിയിലെ രാജീവ് ഗാന്ധി ഉന്നതിയിലെത്തിയ സണ്ണി ജോസഫ് എംഎല്‍എയെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം വീടുകള്‍ സന്ദര്‍ശിച്ച് വീട്ടുകാരുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തിനെതിരായ ലഘുലേഖകളും വീടുകളില്‍ വിതരണം ചെയ്തു. അതോടൊപ്പം, പ്രദേശത്തെ ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അദ്ദേഹം സമയം കണ്ടെത്തി.

ആഗസ്റ്റ് 29-നാണ് കെപിസിസി പ്രസിഡന്റ് ഭവന സന്ദര്‍ശനം ആരംഭിച്ചത്. സണ്ണി ജോസഫ് അദ്ദേഹത്തിന്റെ സ്വന്തം വാര്‍ഡില്‍നിന്നാണ് പരിപാടിക്ക് തുടക്കമിട്ടത്. പിന്നീട് വള്ളിത്തോട്, അയ്യന്‍കുന്ന്, ആറളം, ചാവശ്ശേരി, ഇരിട്ടി, കീഴ്പ്പള്ളി, മുഴക്കുന്ന്, കണിച്ചാര്‍, കേളകം തുടങ്ങിയ മണ്ഡലങ്ങളിലെ വിവിധ വാര്‍ഡുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ജയ്ഹിന്ദ് ന്യൂസിനോടാണ് കെപിസിസി പ്രസിഡന്റ് ജനങ്ങളുടെ പ്രതികരണത്തെക്കുറിച്ച് സംസാരിച്ചത്.

ഭവന സന്ദര്‍ശനത്തിനുശേഷം, ജനശ്രീ സുസ്ഥിര മിഷന്‍ അയ്യന്‍കുന്ന് പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനത്തിലും സണ്ണി ജോസഫ് എംഎല്‍എ പങ്കെടുത്തു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍വെച്ച് അദ്ദേഹം ആദരിച്ചു. തുടര്‍ന്ന് എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നാണ് അദ്ദേഹം മടങ്ങിയത്.