ന്യൂസ് ഡെസ്‌ക്കില്‍ പീഡനം നേരിട്ടതായി റിപ്പോര്‍ട്ടര്‍ ചാനലിലെ മുന്‍ മാധ്യമ പ്രവര്‍ത്തക വെളിപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയിലെ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായ ക്രിസ്റ്റി എം. തോമസ് ആണ് തന്നോട് മോശമായി പെരുമാറിയതെന്നാണ് ഇവര്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.
ക്രിസ്റ്റി എം. തോമസ് തനിക്ക് ഒരു നല്ല സുഹൃത്തും ഒരു സഹോദരനെപ്പോലെയും ആയിരുന്നുവെന്ന് അഞ്ജന പറഞ്ഞു. എന്നാല്‍ പിന്നീട് അയാളുടെ പെരുമാറ്റത്തില്‍ മാറ്റം വന്നത് പതിയെയാണ് മനസ്സിലാക്കിയത്. തന്നോട് മാത്രമല്ല, ഇതിനു മുന്‍പ് അവിടെ ജോലി ചെയ്തിരുന്ന മറ്റു സ്ത്രീകളോടും ഇയാള്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും അഞ്ജന വ്യക്തമാക്കി.
സംഭവം നടന്ന ശേഷം ഈ വിഷയം സ്ഥാപനത്തില്‍ അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍, തന്നെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചത്. ക്രിസ്റ്റി എം. തോമസിന്റെ കുടുംബത്തെ ഓര്‍ത്ത് ഈ വിവരം പുറത്തു പറയാതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ തന്നെ വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും അവര്‍ പറയുന്നു. സ്ഥാപനത്തില്‍ നിന്ന് നേരിട്ട മാനസിക പീഡനം കാരണമാണ് താന്‍ ഒടുവില്‍ രാജി വെക്കാന്‍ നിര്‍ബന്ധിതയായത്. ഈ വിഷയം തന്നെ മാനസികമായി വളരെയധികം ബാധിച്ചെന്നും, എന്നാല്‍ നല്ല സുഹൃത്തുക്കളുടെ പിന്തുണയാണ് ഈ അവസ്ഥയില്‍ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചതെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞു. ഇത്തരം ആളുകള്‍ക്ക് മാനുഷിക പരിഗണന നല്‍കേണ്ടതില്ലെന്നും, ക്രിസ്റ്റി എം. തോമസിനെപ്പോലെയുള്ളവരെ സമൂഹം തിരിച്ചറിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.