പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ചതിന് വ്യാജ പീഢന പരാതി നല്‍കി സിപിഎം കുടുക്കിയ അധ്യാപകന് നീതി. മൂന്നാര്‍ ഗവണ്‍മെന്റ് കോളേജ് അധ്യാപകനായ ആനന്ദ് വിശ്വനാഥനെ 11 വര്‍ഷത്തിന് ശേഷം കോടതി വിട്ടയച്ചു.
2014 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 5 വരെയുള്ള കാലയളവില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 5 വിദ്യാര്‍ത്ഥിനികളാണ് മൂന്നാര്‍ ഗവണ്‍മെന്റ് കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവി കൂടിയായിരുന്ന പ്രൊഫ. ആനന്ദിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കിയത്. ഇത് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തെയും വ്യക്തി ജീവിതത്തെയും കാര്യമായി ബാധിച്ചു. സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അദ്ദേഹത്തിന് 3 വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്നു.
പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടമാണ് തനിക്കെതിരെയുള്ള വ്യാജ പരാതിക്ക് കാരണമെന്ന് പ്രൊഫ. ആനന്ദ് വിശ്വനാഥന്‍ വെളിപ്പെടുത്തി. ‘2014-ല്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ഇക്കണോമിക്‌സ് പരീക്ഷയില്‍ സര്‍വകലാശാല നിയമങ്ങള്‍ ലംഘിച്ച് വ്യാപകമായി കോപ്പിയടി നടന്നിരുന്നു. ആകെ 8 പേര്‍ മാത്രം എഴുതിയ പരീക്ഷയില്‍ 5 വിദ്യാര്‍ത്ഥിനികളുടെ കോപ്പിയടി ഞാന്‍ പിടികൂടി. എന്നാല്‍, എന്റെ നിര്‍ദേശം അവഗണിച്ച് ഇന്‍വിജിലേറ്റര്‍ കോപ്പിയടി റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായില്ല. പ്രിന്‍സിപ്പലും ഇതിന് കൂട്ടുനിന്നു,’ പ്രൊഫ. ആനന്ദ് പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റിയുടെയും അന്നത്തെ എംഎല്‍എ എസ്.രാജേന്ദ്രന്റെയും ഇടപെടലുകളാണ് ഇതിനു പിന്നിലുണ്ടായിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കോപ്പിയടി സര്‍വകലാശാലയില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് മനസ്സിലാക്കിയ പ്രൊഫ. ആനന്ദ് നേരിട്ട് സര്‍വകലാശാലയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിച്ചു. ഇതിന് ശേഷമാണ് തനിക്കെതിരെ പീഡന പരാതി ഉയര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥിനികള്‍ പരാതി തയ്യാറാക്കിയത് മൂന്നാറിലെ സിപിഎം ഓഫീസില്‍ വെച്ചാണെന്നും തെളിഞ്ഞു.
‘പീഡന പരാതിയെക്കുറിച്ചുള്ള വകുപ്പുതല അന്വേഷണം പക്ഷപാതപരമായിരുന്നു. ആകെ 4 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ രണ്ടെണ്ണത്തില്‍ ദേവികുളം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എന്നെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പക്ഷേ ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഞാന്‍ ധൈര്യമായി പോരാടി,’ പ്രൊഫ. ആനന്ദ് കൂട്ടിച്ചേര്‍ത്തു.